'വിഎസ് പങ്കെടുത്തത് ആർഎസ്എസിനെ വിമർശിക്കാൻ', വിഡിക്കെതിരെ വിഎസിന്റെ പ്രസംഗവുമായി ശശിധരൻ

Published : Jul 11, 2022, 05:29 PM IST
'വിഎസ് പങ്കെടുത്തത് ആർഎസ്എസിനെ വിമർശിക്കാൻ', വിഡിക്കെതിരെ വിഎസിന്റെ പ്രസംഗവുമായി ശശിധരൻ

Synopsis

ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഎസിനെ വിമർശിച്ചത്

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുതിർന്ന സിപിഎം നേതാവ് വി എസ് പങ്കെടുത്തത് ആർഎസ്എസിനെ വിമർശിക്കാനാണെന്ന് മുൻ അഡീണൽ പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരൻ. 2013 അന്ന് പ്രതിപക്ഷ നേതാവായിരിക്കെ ഈ പരിപാടിയിൽ പങ്കെടുത്ത് വിഎസ് നടത്തിയ പ്രസംഗം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഎസിനെ വിമർശിച്ചത്.  ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാശന ചടങ്ങ് ആർ എസ് എസ് പരിപാടിയായിരുന്നില്ലെന്നും സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തതെന്നുമായിരുന്നു അദ്ദേഹം താൻ പങ്കെടുത്തതിനെ ന്യായീകരിച്ചത്. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നെന്നും തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം വി എസിനും ബാധകമാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വികെ ശശിധരൻ രംഗത്ത് വന്നത്. 

ഫെയ്സ്ബുക് പോസ്റ്റ്

ആനുകാലിക രാഷ്ട്രീയം അങ്ങനെയാണ്.  രാഷ്ട്രത്തെ സംബന്ധിക്കുന്നതല്ല, രാഷ്ട്രീയക്കാരെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം.  2017ൽ ഫേസ്ബുക്ക് ഉപേക്ഷിച്ച് വനവാസത്തിനിറങ്ങിയ ആളാണ് ഞാൻ.  ഉള്ളത് പറഞ്ഞാൽ വലിയ പ്രശ്നമാണെന്ന് എന്നോട് പറഞ്ഞത് എന്നെ സ്നേഹിക്കുന്ന എന്റെ സഖാക്കൾ തന്നെയാണ്.  
പക്ഷെ, ഇപ്പോൾ എന്തിനായിട്ടാണ് വീണ്ടും ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യം വരാം.  എനിക്ക് പറയാൻ ഒരുപാട് വിഷയങ്ങളുണ്ട്.  അതിൽ രാഷ്ട്രീയം പരമാവധി ഒഴിവാക്കി, ബാക്കി പറയണമെന്ന് കുറച്ചു നാളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഇന്ന് അതിന് നിമിത്തമായത് ഭാരതീയ വിചാരധാരയും വിഡി സതീശനും വിവേകാനന്ദനും വിഎസ് അച്യുതാനന്ദനുമായി എന്നു മാത്രം.  
സംഭവം നടക്കുന്നത് 2013 മാർച്ച് 13നാണ്.  വിവേകാനന്ദനെക്കുറിച്ച് ഡോ. പൽപ്പു അടക്കം നിരവധി പ്രമുഖർ എഴുതിയതെല്ലാം ക്രോഡീകരിച്ച് ആയിരത്തിൽ പരം പേജുകളുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നും, അത് പ്രകാശനം ചെയ്യാൻ വിഎസ് വരണമെന്നും സുഗതകുമാരി ടീച്ചർ വിഎസ്സിനോടപേക്ഷിക്കുന്നു.  വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്നാണ് പുസ്തകത്തിൻറെ തലക്കെട്ട്.  പുസ്തകത്തിൻറെ ഒരു കോപ്പിയും അവർ വിഎസ്സിന് നൽകുന്നു.  പതിവുപോലെ, "നോക്കട്ടെ, പറയാം" എന്ന മറുപടിയുമായി വിഎസ് അവരെ തിരിച്ചയക്കുന്നു.  
പുസ്തകം ഓടിച്ചു വായിച്ച വിഎസ്സിന് തോന്നി, ആ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തെക്കുറിച്ചും വിവേകാനന്ദനെക്കുറിച്ചും ഹിന്ദുത്വ അജണ്ടകളെക്കുറിച്ചുമെല്ലാമുള്ള തന്റെ നിലപാടുകൾ പറയാനുള്ള അവസരങ്ങളിലൊന്നായിരിക്കും എന്ന്.  ഇക്കാര്യം വിഎസ് എന്നോടും ബാലകൃഷ്ണനോടും പറയുകയും ചെയ്തു.  (ബാലകൃഷ്ണനായിരുന്നു, അന്ന് വിഎസ്സിൻറെ പ്രസ് സെക്രട്ടറി.  ഇന്നദ്ദേഹം മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.)  
വിഎസ്സിൻറെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ബാലകൃഷ്ണൻ പ്രസംഗം തയ്യാറാക്കി വിഎസ്സിനെ കേൾപ്പിക്കുന്നു.  "കൊള്ളാം, സംഘാടകരെ പ്രകോപിപ്പിക്കാൻ ഇത് മതിയാവും" എന്നായിരുന്നു, വിഎസ്സിൻറെ പ്രതികരണം.  ഞാൻതന്നെയാണ് പ്രസംഗം ടൈപ്പ്ചെയ്തെടുത്തത്.  
അന്നത്തെ ആ പ്രസംഗത്തിൻറെ പൂർണരൂപം താഴെ കൊടുക്കുന്നു.  സംസാരിക്കുന്ന വാക്കുകൾക്കുപരി, ദൃശ്യങ്ങൾ വൈറലാവുന്ന കാലത്ത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ ആവട്ടെ എന്നു മാത്രം.  
(വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം.)
തിരുവനന്തപുരം
13-03-2013
വിവേകാനന്ദനും പ്രബുദ്ധകേരളവും 
സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ട ങ്ങളിലായി മലയാളത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികള്‍ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി.പരമേശ്വരനെ ഞാന്‍ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇതില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിൻറെയും ശ്രീ. പി.പരമേശ്വരന്റെയും വീക്ഷണത്തിലു ള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തില്‍ കാണാം.
സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാര്‍ഷികവുമാണിത്. ജാതിവിവേചനത്തി ന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വര്‍ഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയില്‍ നിന്ന് മലബാറുകാര്‍ അഥവാ കേരളീയര്‍ മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതര ഇന്ത്യക്കാര്‍ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി.  മൈസൂരില്‍ ഡോക്ടര്‍ പവിൽപ്പുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തി നെത്തിയ സ്വാമിയോട് പൽപ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടു ത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാന്‍ തയ്യാറല്ലാത്തതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹ ത്തിന് സാധിച്ചു.
ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടര്‍ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന് തുടക്കംകുറിക്കാന്‍ നേതൃത്വം നല്‍കുന്നതിന് ഡോക്ടര്‍ പൽപ്പുവിൻറെ പ്രചോദനം അതാണ്. ബംഗാളില്‍ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നല്‍കി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദന്‍ കേരളത്തില്‍ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടര്‍ പൽപ്പുവും കുമാരനാശാനും ചേര്‍ന്ന് എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനല്‍കിയതില്‍ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത  പുസ്തക ത്തില്‍ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ശ്രീ. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയില്‍ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്.  ഇപ്പോള്‍ സംഘപരിവാര്‍, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വര്‍ണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായി എന്നതാണ്  സ്വാമി വിവേകാനന്ദന്റെ മഹത്വം.
ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേര്‍ക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യ ത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാര്‍ഥ വിശപ്പ് മാറ്റാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ്.
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുക - അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങള്‍ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തു. ''ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധര്‍മ്മ കര്‍മങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാര്‍ സമൂദായത്തില്‍ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തില്‍ മെല്ലെ മെല്ലെ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം''- എന്ന് വിവേകാന്ദന്‍ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയില്‍ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാര്‍ എന്ന് അദ്ദേഹം വിവക്ഷിച്ചത്.
തൊഴിലാളികള്‍ പ്രവൃത്തി നിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നില്‍ക്കും. എന്നിട്ടും നിങ്ങള്‍ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവര്‍ണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവര്‍ഗക്കാര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുക യാണെന്നും, ഉയര്‍ന്ന വര്‍ഗക്കാര്‍ക്ക് ഇനിമേലില്‍ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വര്‍ഗക്കാരെ അമര്‍ത്തിവെക്കാന്‍ സാധിക്കുകയില്ലെന്നും വിവേകാനന്ദന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇന്ത്യയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ അജയ്യതയെ ക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയില്‍ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്‌നേഹത്തിന്റെയും മാനവ ഐക്യത്തി ന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദന്‍. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയു ടെയും ഇപ്പോഴത്തെ അര്‍ഥ ത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയര്‍ത്തി ക്കാ ട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അധികാര കുത്തക അവസാനിപ്പിക്കുന്നതിന് തലമുറ മാറ്റം അനിവാര്യം,യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം'; ചെറിയാൻ ഫിലിപ്പ്
പാലക്കാട് മത്സരിക്കാൻ സാധ്യത, പിന്നാലെ തങ്കപ്പനെതിരെ പോസ്റ്ററുകൾ; സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്ന് അധിക്ഷേപം