
കൊല്ലം: ചടയമംഗലത്ത് എം സി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രിക മരിച്ചു. പുത്തൂർ സ്വദേശിനി പങ്കജാക്ഷി (85 ) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 15 പേർക്ക് പരിക്ക്
കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ച് പേര്‍ക്ക് പരിക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. തലശേരിക്കടുത്ത് ഗോപാല പേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരെ തലശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
വള്ളം മറിഞ്ഞ് കാണാതായി
കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാണിക്കമാതാ എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
സ്കൂട്ടർ നിയന്ത്രണം വിട്ട് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു
സ്കൂട്ടർ നിയന്ത്രണം വിട്ട് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിൽ നാലാംപീടികയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. താഴെ കാവിൻമൂല ദാറുസലാം മൻസിലിൽ റിയാൻ (19) ആണ് മരിച്ചത്. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ബി കോം വിദ്യാർത്ഥിയാണ്. അപകടം നടന്ന ഉടനെ നാട്ടുകാർ ചക്കരക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam