1940 ൽ കൃഷ്ണപിള്ളയുടെ ആ സന്ദേശം കിട്ടിയ ശേഷം! വി എസ്, മലയാളക്കരയുടെ 2 അക്ഷരം മാത്രമല്ല, 2 പോരാട്ട കാലവും കൂടിയാണ് അടയാളപ്പെടുത്തുന്നത്

Published : Jul 22, 2025, 07:42 PM IST
VS Achuthanandan

Synopsis

വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി എസിന് വയസ്സ് നാല് മാത്രമായിരുന്നു. വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യത്തോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വി എസിന്റെ മനസ്സിലെപ്പോഴുമുണ്ടായിരുന്നു

വി എസ് അച്യുതാനന്ദൻ ജീവിതം രണ്ട് പോരാട്ട കാലങ്ങളാണ്. 1940 മുതൽ 1980 വരെ നീളുന്ന വർഗ ശത്രുക്കളുമായുള്ള പോരാട്ടകാലം. 80 മുതൽ പിന്നീട് നടത്തിയ ഉൾപ്പാർട്ടി പോരാട്ട കാലം. ഇതിൽ ആദ്യത്ത കാലഘട്ടമാണ് വി എസിനെ യഥാ‍ർത്ഥ പോരാളിയാക്കിയത്. വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി എസിന് വയസ്സ് നാല് മാത്രമായിരുന്നു. വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യത്തോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വി എസിന്റെ മനസ്സിലെപ്പോഴുമുണ്ടായിരുന്നു. 11 -ാം വയസ്സിൽ അച്ഛനും കൂടി പോയതോടെ പഠനം അവസാനിച്ചു. അന്ന് തൊട്ട്  വി എസിന് ജീവിതം തന്നെ പോരാട്ടമായി. ജൗളിക്കടയിലെയും പിന്നെ ആസ്പിൻ വാൾ കയ‍ർ കമ്പനികളിലെയും  അരവയറിനായുള്ള അധ്വാനം. 1940 ൽ പതിനേഴാം വയസ്സിൽ കൃഷ്ണപിള്ളയുടെ ശുപാർശയിൽ പാർട്ടി അംഗത്വം കിട്ടി. അത് കഴിഞ്ഞൊരുനാൾ സാക്ഷാൽ കൃഷ്ണപിള്ളയുടെ സന്ദേശം കിട്ടി. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോകണം. വി എസ് അച്യുതാനന്ദന് അന്ന് മുതൽ വി എസ് എന്ന ചുരുക്കപ്പേരിലേക്ക് പതിയെ മാറുകയായിരുന്നു. പിന്നീട് കുട്ടനാട്ടിൽ നിന്ന് തിരിച്ചെത്തി ട്രേഡ് യൂണിയൻ സംഘാ‍ടനത്തിൽ മുഴുകി.

പുന്നപ്ര - വയലാർ പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. പ്രതിയാക്കപ്പെട്ടു. ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാല് വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു. 1952 ൽ വി എസ് അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ‌ർഷം കഴിഞ്ഞ് സംസ്ഥാന കമ്മറ്റിയിലെത്തി. അന്തർദേശീയ കമ്യൂണിസ്റ്റ് ചേരികളോടുള്ള സമീപനം ത‍ർക്കമായി 1964 ലെ ദേശീയ കൗൺസിൽ യോഗത്തിൽ പിളർപ്പിന്റെ കാഹളം മുഴക്കി വി എസ് അടക്കം 7 മലയാളി സഖാക്കൾ ഇറങ്ങിപ്പോന്നു. ടി വി തോമസിനോട് മൽസരിച്ച് ജയിച്ച്  സി പി എമ്മിന്റെ ആദ്യ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ വി എസ് വൈകാതെ പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായി മാറി.

1980 മുതൽ 1991 വരെ മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ബദൽരേഖ വിവാദം പാ‍ർട്ടിയെ പിടിച്ചു കുലുക്കിയപ്പോൾ  പാർട്ടി സെക്രട്ടറിയായിരുന്ന വി എസ്,  ഇ എം എസിന്റെ പിന്തുണയോടെ പാ‍ർട്ടിയെ നിയന്ത്രിച്ചു. എം വി രാഘവനെ പുറത്താക്കിയതും എം വി ആറിനൊപ്പം പോകാൻ പ്രവണത കാട്ടിയ അണികളുടെ കുത്തൊഴുക്ക് തടയാൻ വി എസ്, ഇ എം എസിനൊപ്പം കേരളം മുഴുവൻ ഓടി നടന്നു. 91 ൽ മുഖ്യമന്ത്രിയാകാൻ തിടുക്കപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന് പാർട്ടിക്കത്ത് നിന്ന് പഴി കേട്ടു. വിഭാഗീയതയുടെ വക്താവെന്ന പഴിയും കേട്ടു. പിന്നീട് വി എസിന്റെ പാർട്ടിയിലെ പി ടി പതിയെ അയഞ്ഞു. സമവാക്യങ്ങൾ  മാറിയപ്പോൾ വി എസിന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി. പാർട്ടിയുടെ 4 പതിറ്റാണ്ട് ഔദ്യോഗിക ചേരിയായിരുന്നു വി എസ്. പക്ഷേ  പിന്നിട് പലർക്കും വി എസ്  വിമത ശബ്ദമായി. ഒരു കാലത്ത് പാർട്ടി ലൈനിൽ ഉറച്ച് നിന്ന, വിട്ടു വീഴ്ചയില്ലാത്ത കർക്കശക്കാരാനായിരുന്നു വി എസ്. ധനികരുടെ വേദികളിൽ പോകുന്നത് പോലും വിലക്കപ്പെട്ട തൊഴിലാളി വർഗ്ഗ നയക്കാരനായിരുന്നു അദ്ദേഹം. അധികാരം ദുഷിപ്പിക്കാത്ത അവസാനത്തെ കമ്യൂണിസ്റ്റെന്ന് വി എസിനെ ചിലർ വിശേഷിപ്പികുന്നതും ഇത് കൊണ്ട് തന്നെ. മുതലാളിമാരോടും ജന്മിമാരോടും പൊരുതിയ വി എസ് പിന്നീട് പാർട്ടിയിലും നടത്തിയത് ആധിപത്യത്തിനെതിരെയുള്ള സമരം തന്നെയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ