
'കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി' ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൗരി' എന്ന കവിത തുടങ്ങുന്നത് ഈ വരികളിലാണ്. കരയാത്ത, തളരാത്ത ഗൗരിയമ്മ ആര്‍ക്കും സ്വാധീനിക്കാന്‍ നിന്നുകൊടുക്കാത്ത ഒരു കമ്യൂണിസ്റ്റുകാരി കൂടിയായിരുന്നു. ഒരു പക്ഷേ അതായിരുന്നു അവര്‍ക്ക് പാര്‍ട്ടി വൃത്തങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന അയോഗ്യതയും. 1987 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എടുത്തുകാട്ടിയത് അന്ന് ജനപ്രീതിയുടെ പരകോടിയില്‍ നിന്നിരുന്ന കെ ആര്‍ ഗൗരിയമ്മയെ ആയിരുന്നു.
'കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം അന്ന് കേരളത്തിലെങ്ങും മുഴങ്ങിക്കേട്ടു. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന കമ്യൂണിസ്റ്റുകാര്‍ അതേറ്റുവിളിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടിയെങ്കിലും പാര്‍ട്ടി കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാക്കിയില്ല. എന്നുമാത്രമല്ല, സമാശ്വസിപ്പിക്കാന്‍ നല്‍കിയ എക്‌സൈസ് വകുപ്പും അധികനാള്‍ കഴിയും മുമ്പേ തിരിച്ചുപിടിച്ച് ടികെ രാമകൃഷ്ണന് നല്‍കി. അതോടെ കെ ആര്‍ ഗൗരിയമ്മ ഇടഞ്ഞു. തുടക്കത്തിലെ മുറുമുറുപ്പുകള്‍ പിന്നീട് തുറന്ന വിമര്‍ശനങ്ങളിലേക്ക് നീങ്ങി. ഒടുവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1994 ജനുവരി ഒന്നാം തീയതി സിപിഎം കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. അതിനുശേഷം ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) എന്നൊരു പാര്‍ട്ടിയുണ്ടാക്കിയതും ഒക്കെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്.
വി എസ് അച്യുതാനന്ദനും കെ ആര്‍ ഗൗരിയമ്മയും ഒരേ ജില്ലയില്‍ നിന്നായിരുന്നു എന്നതും ഒരു പക്ഷേ, ഗൗരിയമ്മയുടെ മുഖ്യമന്ത്രി സ്ഥാനലബ്ധിക്ക് വിഘാതമായി നിന്നു കാണും. കാരണം, ഒരേ ജില്ലയില്‍ നിന്ന് രണ്ടുപേര്‍ പാര്‍ട്ടിയിലെ പാര്‍ലമെന്ററി, പാര്‍ട്ടി നേതൃത്വങ്ങള്‍ വഹിക്കുന്ന കീഴ് വഴക്കം ഇല്ലാത്തതാണ് പാര്‍ട്ടിക്കുള്ളില്‍. അതിന്റെയര്‍ത്ഥം ഗൗരിയമ്മ മുഖ്യമന്ത്രിയായാല്‍ വി എസിന് അധികകാലം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചേക്കില്ല എന്നാണ്. പിന്നെ കെ ആര്‍ ഗൗരിയമ്മയെപ്പോലെ കടുംപിടുത്തക്കാരിയായ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനം ഭരിച്ചുകൊണ്ടു പോകുന്നതും പാര്‍ട്ടിക്ക് ശ്രമകരമായ പണിയാകും എന്നതും
എന്തായാലും അന്ന് കെ ആര്‍ ഗൗരിയമ്മയ്ക്ക് വന്ന ഇച്ഛാഭംഗം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വി എസിനെയും തേടിയെത്തി. പ്രചാരണക്കാലയളവില്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ നിറഞ്ഞു നിന്നത് വി എസ് ആയിരുന്നിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടം വന്നപ്പോള്‍ പാര്‍ട്ടി പിണറായിയുടെ പേരാണ് തെരഞ്ഞെടുത്തത്. ഒടുവില്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന ഒരു കാബിനറ്റ് പദവികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അന്ന് വിഎസിന്. അന്ന് സംഘര്‍ഷഭരിതമായ മനസ്സോടെ ന്യൂസ് കാമറകള്‍ക്കും മുന്നില്‍ വന്ന വിഎസിനെക്കണ്ട്, ചെറിയൊരു മന്ദസ്മിതവും പൊഴിച്ചുകാണും, ഒരു പക്ഷേ കെ ആര്‍ ഗൗരിയമ്മ.
എന്തായാലും അന്നത്തെ അസ്വാരസ്യത്തിനു ശേഷം ഇരുപത്തിയഞ്ചു വര്‍ഷം നീണ്ട മൗനമായിരുന്നു കെ ആര്‍ ഗൗരിയമ്മയ്ക്കും അച്യുതാനന്ദനും ഇടയില്‍. ഒടുവില്‍ അവര്‍ക്കിടയിലെ മഞ്ഞുരുകിയത് 2019 ജൂലൈയില്‍ നൂറ്റിയൊന്നാം വയസ്സിലേക്ക് കാലെടുത്തു വെക്കുന്ന ഗൗരിയമ്മയെ നേരില്‍ കണ്ടു ജന്മദിനം ആശംസിക്കാന്‍ പിറന്നാള്‍ ദിവസം കഴിഞ്ഞൊരു നാള്‍ വിഎസ് നേരിട്ട് ചെന്നപ്പോഴാണ്. കണ്ടപ്പോള്‍ ആദ്യം തന്നെ ഗൗരിയമ്മ ചോദിച്ച ചോദ്യമിതായിരുന്നു, ' എനിക്കോ വിഎസിനോ പ്രായമേറെ?'. നിറഞ്ഞ ചിരിയോടെ, ' അത് നിങ്ങള്‍ക്കുതന്നെ, എനിക്കിപ്പോഴും ചെറുപ്പമാണ്... ' എന്ന് വിഎസിന്റെ മറുപടി.
തന്റെ പിറന്നാളാഘോഷത്തിന് വരാത്തതിന്റെ പരിഭവം വിഎസിനോട് പങ്കിട്ട ഗൗരിയമ്മ, അച്യുതാനന്ദനെ 1987 -ലെ ആ നിറവേറാതിരുന്ന വാഗ്ദാനവും ഓര്‍മ്മിപ്പിച്ചു. 'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരീച്ചീടും....എന്നൊക്കെ പറഞ്ഞ് നടന്നതാ. ഒടുവില്‍ മുഖ്യമന്ത്രിയായത് വി.എസ്.'-മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതിലെ നീരസം ഗൗരിയമ്മ തുറന്നടിച്ചു. വി.എസ്. ചിരിച്ചു. അച്ഛനല്ല അന്ന് മുഖ്യമന്ത്രിയായതെന്ന് മകന്‍ അരുണ്‍കുമാര്‍ ഗൗരിയമ്മയെ തിരുത്തി. ഇരുപതു മിനിറ്റ് നീണ്ട ആ സന്ദര്‍ശനത്തിനിടെ പഴയ പല ഓര്‍മ്മകളും ഗൗരിയമ്മ വിഎസിനോട് പങ്കുവെച്ചു. 'വി.എസിന്റെ കല്യാണം ഞാനാണ് നടത്തിയത്. എന്തൊരാളായിരുന്നു.'- എന്ന് ഗൗരിയമ്മ. ഒടുവില്‍ എല്ലാം 'കോംപ്രമൈസാക്കി' പിറന്നാള്‍ മധുരവും നല്‍കിയാണ് ഗൗരിയമ്മ അച്യുതാനന്ദനെ അന്ന് മടക്കിയയച്ചത്.
എന്തായാലും, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഏറെക്കാലം സമശീര്‍ഷരായി ഒതുപ്രവര്‍ത്തിച്ച ആ രണ്ടു കമ്യൂണിസ്റ്റുകാര്‍, തങ്ങള്‍ക്കിടയില്‍ കാലാന്തരേ വന്നുപെട്ട കയ്പുകള്‍ ഒടുവില്‍ 'മധുരം' കൊണ്ട് ശമിപ്പിക്കുന്ന കാഴചയ്ക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്.