സിപിഎം തള്ളിപ്പറഞ്ഞ പെരിങ്ങമല സമരവേദിയിൽ അഭിവാദ്യവുമായി വിഎസ്

By Web TeamFirst Published Jul 2, 2019, 2:48 PM IST
Highlights

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുയർന്ന വേദിയിലേക്കാണ് വിഎസുമെത്തിയത്. പദ്ധതിയെ എതിർക്കുകയോ സർക്കാരിനെ വിമർശിക്കുകയോ ചെയ്യാതെ വിഎസ് സമരക്കാരെ അഭിവാദ്യം ചെയ്ത് തിരിച്ചുപോയി.

തിരുവനന്തപുരം: സിപിഎം തള്ളിപ്പറഞ്ഞ പെരിങ്ങമല സമരസമിതിയുടെ നിരാഹാരസമര വേദിയിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കാവൽ സത്യാഗ്രഹത്തിലാണ് വിഎസ് അച്യുതാനന്ദനും പങ്കെടുത്തത്.

പെരിങ്ങമലയിൽ മാലിന്യപ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും സ‍ർക്കാർ പിന്മാറാത്ത സാഹചര്യത്തിലാണ് സമരത്തിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കാവൽ സത്യാഗ്രഹം സംഘടിപ്പിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തലയും ശബരിനാഥ് എംഎൽഎയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും കവിയത്രി സുഗതകുമാരിയും എത്തിയിരുന്നു.

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുയർന്ന വേദിയിലേക്കാണ് വിഎസുമെത്തിയത്. പദ്ധതിയെ എതിർക്കുകയോ സർക്കാരിനെ വിമർശിക്കുകയോ ചെയ്യാതെ വിഎസ് സമരക്കാരെ അഭിവാദ്യം ചെയ്ത് തിരിച്ചുപോയി.

പെരിങ്ങമല അഗ്രിഫാമിലെ 15 ഏക്കറിൽ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഒരുവർഷമായി നാട്ടുകാർ ഇതിനെതിരെ സമരത്തിലാണ്. നൂറിലധികം പ്രദേശവാസികൾ ഇന്നത്തെ കാവൽ സത്യാഗ്രഹത്തിൽ പങ്കെടുത്തു. 

click me!