ആശങ്ക വേണ്ട, കൊവിഡ് ബാധിച്ച പൊലീസുകാരന്‍റെ മുഴുവന്‍ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി സുനിൽ കുമാർ

By Web TeamFirst Published Jun 18, 2020, 3:42 PM IST
Highlights

പൊലീസുകാരന് രോഗം പകർന്നത് കൊവിഡ് സെന്ററിൽ ജോലി ചെയ്തപ്പോള്‍ ആകാമെന്ന് വി എസ് സുനിൽ കുമാർ.

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച പൊലീസുകാരന്‍റെ മുഴുവന്‍ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ഇയാള്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയെന്നും സ്റ്റേഷനില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊലീസുകാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായാല്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

എറണാകുളം ജില്ലയിൽ നിലവില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ, 96 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ ഉള്ളത്. പൊലീസുകാരന് രോഗം പകർന്നത് കൊവിഡ് സെന്ററിൽ ജോലി ചെയ്തതിൽ നിന്നാകാം എന്നാണ് കരുതുന്നത് എന്നും ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്ന കറി പൗഡർ ഫാക്ടറി താൽക്കാലികമായി അടക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമേ ഒരു സ്വകാര്യ ആശുപത്രി കൂടി കൊവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ചില പഞ്ചായത്തുകളില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുന്നതില്‍ വീഴച വരുത്തുന്നുണ്ടെന്നും ഇത് പരിശോധിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Also Read: പൊലീസുകാരന് കൊവിഡ്, കളമശേരി സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്‍റീനിലേക്കെന്ന് ഐജി

click me!