'പിണറായി സഖാവ് ഉയിർ, സഖാവ് ഒരു കാര്യം പറഞ്ഞാൽ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറയും'; പരിഹാസവുമായി ബല്‍റാം

By Web TeamFirst Published Feb 7, 2020, 8:49 AM IST
Highlights

ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി. പിണറായിയുടെ 'ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന  പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കിയതില്‍ പരിഹാസവുമായി വി ടി ബല്‍റാം രംഗത്ത്. പിണറായി സഖാവ് ഉയിർ എന്ന തലക്കെട്ടില്‍, സഖാവ് ഒരു കാര്യം പറഞ്ഞാൽ പിന്നെ ഗവർണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ എന്ന കുറിപ്പിലൂടെയാണ് ബല്‍റാമിന്‍റെ വിമര്‍ശനം.

 

ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി. പിണറായിയുടെ 'ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ഇനി ദില്ലിയിൽ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു. പിണറായിയുടെ പ്രസ്താവന എടുത്തുപറഞ്ഞെങ്കിലും എസ്‍‍ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞിരുന്നില്ല.

''ഇടതുപക്ഷത്തെ ചില സുഹൃത്തുക്കൾ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. അവർക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങൾ കേരളത്തിൽ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങൾ ദില്ലിയിലും രാജ്യത്തിന്‍റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങൾക്ക് ആവശ്യപ്പെടാനാകുക?'', ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

'ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ് പ്രതിഷേധങ്ങൾ നടത്തിയത്. മഹല്ല് കമ്മിറ്റികൾ ധാരാളം പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. അതെല്ലാം സമാധാനപരമായി നടത്താൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്. നാട്ടിൽ എസ്‍ഡിപിഐ എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്ന ഒരു വിഭാഗം. അതിൽപ്പെട്ടവർ ചിലയിടത്ത് നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെതിരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടായിട്ടുണ്ടാകാം. കാരണം അവർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണ്...ഇതായിരുന്നു പിണറായിയുടെ വാക്കുകള്‍

click me!