
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റും മുൻ തൃത്താല എംഎൽഎയുമായ വി ടി ബൽറാം. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് പിണറായി വിജയന്റെ പൊലീസിനെന്ന് വി ടി ബൽറാം വിമർശിച്ചു. കേരളം ഭരിക്കുന്ന ഭരണാധികാരികൾ വിറളി പിടിച്ച് ഓടുകയാണ്. തങ്ങൾക്കെതിരെ സംസാരിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ വായ എങ്ങനെ അടപ്പിക്കാം എന്നാണ് അവർ നോക്കുന്നത്. അതിന്റെ ഭാഗമായാണ് മാധ്യമങ്ങളെ വായടപ്പിക്കുക, കൂച്ചുവിലങ്ങിടുക എന്നത്. മാധ്യമങ്ങളെ വായടപ്പിക്കാൻ ശ്രമിക്കുന്നത് ഈ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ആദ്യ നടപടിയല്ല. ഏഷ്യാനെറ്റിനെതിരെ ഇതിന് മുമ്പും വേട്ടയാടലുകൾ ഉണ്ടായി.
അവതാരകൻ വിനു വി ജോണിനെതിരെ കെസെടുത്തു. അതിന് ശേഷം ഏഷ്യാനെറ്റിനെതിരെ പോക്സോ കേസടക്കം ചുമത്തിയ നടപടികൾ ഉണ്ടായി. അതുമായി ബന്ധപ്പെട്ട് സിപിഎം വെട്ടുകിളികൾ ഏഷ്യാനെറ്റിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തി. അതിന്റെ തുടർച്ചയായിട്ടാണ് ഈ സംഭവവും. അഖിലക്കെതിരെയുള്ള എഫ്ഐആർ എന്ന നിലയിലല്ല, സർക്കാറിന് ഇഷ്ടമല്ലാക്ക കാര്യങ്ങൾ പറയുന്ന മാധ്യമങ്ങൾക്കെതിരെയുള്ള നടപടിയായിട്ടാണ് ഈ സംഭവമായിട്ടാണ് നോക്കിക്കാണുന്നതെന്നും ബൽറാം പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ അഖില നന്ദകുമാറിനെതിരെ കേസ്: പൊലീസ് നടപടിയെ വിമർശിച്ച് കെ അജിത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam