മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ പിഎം ആർഷോ നൽകിയുടെ പരാതിയെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലയെ അഞ്ചാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

തിരുവനന്തപുരം: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിനെതിരെ വിമർശനവുമായി കെ അജിത. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ശരിയായ നടപടിയില്ലെന്ന് അവർ വിമർശിച്ചു. വാർത്ത റിപ്പോർട്ട് ചെയ്യുകയെന്നുള്ളത് മാധ്യമങ്ങളുടെ കർത്തവ്യമാണ്. അതാണ് അഖില നിവർവഹിച്ചതും. അതിന്റെ പേരിൽ കേസെടുക്കുന്ന നടപടി ശരിയല്ല. പൊലീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും അവർ പറഞ്ഞു.

അഖിലക്കെതിരെ കേസെടുത്ത നടപടിയെ പ്രമുഖ മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രനും വിമർശിച്ചിരുന്നു. അഖിലക്കെതിരെ പരാതി നൽകിയതും കേസെടുത്തതും വിരട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു ദി ന്യൂസ് മിനിറ്റ് എഡിറ്റർ ചീഫായ ധന്യ രാജേന്ദ്രന്റെ പ്രതികരണം. വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾക്കിതിരെയും ആർഷോ കേസ് കൊടുക്കുമോയെന്ന് അവർ ചോദിച്ചു. ആർക്കും ആർക്കെതിരെയും അപകീർത്തി കേസ് നൽകാം. എന്നാൽ ഗ്രൗണ്ട് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നേരെ പരാതി നൽകുന്നത് ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മനുഷ്യാവകാശ കമ്മീഷന്റെ വരെ അംഗീകാരം നേടിയ മാധ്യമപ്രവർത്തകയാണ് അഖില. കേസിൽ പൊലീസ് കുറേക്കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു'- എന്നും അവർ അഭിപ്രായപ്പെട്ടു

മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത് ജൂൺ ആറിനാണ്. പ്രിൻസിപ്പലിന്റെ ചേംബറിൽ കെഎസ്‌യു പ്രവർത്തകർ സംസാരിച്ച് നിൽക്കെ ഈ മുറിയിലേക്ക് അഖില പോയിരുന്നു. ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടി. ഈ സമയത്താണ് മഹാരാജാസ് കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായെന്ന ആരോപണം ഉന്നയിച്ചത്. ഇത് രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ജോയ്, ആർക്കയോളജി വിഭാഗം മേഥാവി വിനോദ് കുമാർ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികൾ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം

YouTube video player