
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. കേസില്‍ തെളിവ് ശേഖരിക്കുന്നതിലും പൊലീസ് അന്വേഷണത്തിലുമുണ്ടായ പ്രശ്നങ്ങളും പ്രോസിക്യൂഷന്‍റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയുമടക്കം പരിശോധിക്കും.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ആരൊക്കെയെന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികൾ ശുപാർശ ചെയ്യും, പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അന്വേഷണകാലയളവടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
വാളയാര്‍ ദുരൂഹമരണത്തിലെ കേസന്വേഷണത്തിൻറെ ആദ്യഘട്ടത്തിൽ വീഴ്ചവരുത്തിയപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു. പക്ഷെ പ്രത്യേക സംഘം നൽകിയ കുറ്റപത്രത്തിൽ വിചാരണ നടന്നുവെങ്കിലും പ്രതികളെല്ലാം രക്ഷപ്പെട്ടു. അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഉണ്ടായ ഗുരുതരവീഴ്ചയുടെ തെളിവുകള്‍ ഒരോന്നായി പുറത്തുവരികയും ചെയ്തു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി.
വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ വീഴ്ച വന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലത ജയരാജനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. പകരം പി സുബ്രഹ്മണ്യനെ പാലക്കാട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് പുതിയ പ്രോസിക്യൂട്ടര്‍.
വാളയാർ കേസ്: സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു; നാല് പ്രതികൾക്കും നോട്ടീസ്...
കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കും. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസിൽ തുടരന്വേഷണവും പുനർ വിചാരണയും വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam