തനിയെ തീപിടിക്കുന്നതടക്കം 4 തരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ; 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ

Published : Jun 09, 2025, 05:01 PM ISTUpdated : Jun 09, 2025, 05:50 PM IST
wan hai 503 cargo ship fire

Synopsis

രക്ഷാ പ്രവർത്തനം തുടരുന്നു. 18 പേരെ ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ഉടൻ കരയിലേക്ക് എത്തിക്കും 

ദില്ലി/തിരുവനന്തപുരം/കോഴിക്കോട് : കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറി. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു.

157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി. എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് ചരക്ക് കപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അപകടമുണ്ടായത്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ജീവനക്കാരിൽ നാലുപേരെ കാണാതായി. പൊള്ളലേറ്റ അഞ്ചുപേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരടക്കം കപ്പലിൽ ഉണ്ടായിരുന്നവരെ മംഗലാപുരത്തേക്ക് എത്തിക്കാൻ സാധ്യത. കണ്ണൂരിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളുമായും ബന്ധപ്പെട്ട് കപ്പൽ കമ്പനി അധികൃതർ. ബേപ്പൂർ,ആഴീക്കോട് തുറമുഖങ്ങളിലും ആംബുലൻസുകൾ അടക്കം സജ്ജമാണ്.

ആശുപത്രികൾ സജ്ജം

കപ്പല്‍ അപകടത്തിൽ പരിക്കേറ്റവരെ എത്തിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്ക് സജ്ജമായിരിക്കാൻ നിര്‍ദേശം നല്‍കിയെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു. ബേപ്പൂര്‍ എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായും അറിയിപ്പ് കൊടുത്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി