
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ കുടുംബം. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കിട്ടിയില്ലെന്നും റോഡരികിൽ കാത്തുനിന്നെങ്കിലും പ്രിയങ്കയെ കാണാനായില്ലെന്നും എൻഎം വിജയന്‍റെ മരുമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്ക ബത്തേരിയിലെ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു എൻ എം വിജയന്‍റെ മകനും മരുമകളും കാണാൻ എത്തിയത്. നേരത്തെ പ്രിയങ്ക ഗാന്ധിയെ കണ്ട് കുടുംബത്തിന്‍റെ കാര്യങ്ങള്‍ പറയാൻ അനുമതി തേടിയിരുന്നുവെന്ന് മരുമകള്‍ പത്മജ പറഞ്ഞു.
എന്നാൽ, കാണാനാകില്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് പരിപാടിക്കെത്തുമ്പോള്‍ കാണുന്നതിനാണ് കാത്തുനിന്നത്. കാണാതിരിക്കാനായി മനപൂര്‍വം ആരൊക്കെയോ ചേര്‍ന്ന് ഇടപെട്ടുവെന്നാണ് സംശയിക്കുന്നത്. എൻഎം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നത്. കാണാനാകുമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നത്. എന്നാൽ, കാണാനായില്ല. തങ്ങള്‍ മനപ്പൂർവം പ്രിയങ്കയിലേക്ക് എത്താതിരിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകാം.
പണം തരാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു. കോൺഗ്രസ് 10 ലക്ഷം നൽകിയിരുന്നു. എന്നാൽ, രണ്ടരക്കോടിക്ക് മുകളിൽ ബാധ്യതയുണ്ട്. പ്രിയങ്ക കാണാത്തതിൽ വിഷമമുണ്ട്. അച്ഛൻ ചെയ്തതുപോലെ മരണം മാത്രമേ മുന്നിലുള്ളൂ. മുന്നിലുള്ളത് ആത്മഹത്യയാണെങ്കിൽ ഉത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎ മാത്രമായിരിക്കുമെന്നും കുടുംബം ആരോപിച്ചു. പത്ത് ദിവസം കൂടി കാത്ത് നിൽക്കും. എന്നിട്ടും നടപടിയില്ലെങ്കിൽ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും എൻഎം വിജയന്‍റെ കുടുംബം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam