വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ

Published : May 26, 2026, 12:33 PM IST
elephant attack death

Synopsis

വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായവും സ്ഥിരം ജോലിയും നൽകാൻ ശുപാർശ ചെയ്യും. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന കർമ്മപദ്ധതി നടപ്പാക്കുമെന്ന് വനംമന്ത്രി അറിയിച്ചു.

കൽപ്പറ്റ : കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി. മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാനുള്ള ശുപാർശ സർക്കാരിന് നൽകും. കുടുംബത്തിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകാനുള്ള ശുപാർശയും സർക്കാരിന് കൈമാറും. മേഖലയിലെ അടിക്കാട് വെട്ടാനുള്ള നടപടി സ്വീകരിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും ഡിഎഫ് ഒ വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇടപെടൽ.

കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കി. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് കാട്ടാന ആക്രമണമുണ്ടായതെന്നും വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന പരിപാടി നടപ്പാക്കും. ജൂൺ 5 ന് സർക്കാർ വനനയം പ്രഖ്യാപിക്കും. വന്യജീവി ആക്രമണങ്ങളെ സംബന്ധിച്ച് പഠനം നടത്തും. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പ് അല്ല. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള വകുപ്പുമല്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ഭർത്താവുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് പുത്തുമല സ്വദേശി ജെസ്സി മരിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കവര്‍ച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം
കാട്ടാന ആക്രമണം: കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് വനംമന്ത്രി