വയനാട് ഇരട്ടക്കൊല: മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം, വെട്ടിയത് മുഖംമൂടി സംഘമെന്ന് മരണമൊഴി

By Web TeamFirst Published Jun 11, 2021, 10:52 AM IST
Highlights

കേശവനേയും പദ്മാവതിയേയും ആക്രമിച്ച മുഖംമൂടി സംഘം ഇവരുടെ കൃഷിയിടത്തിലൂടെ ഓടിരക്ഷപ്പെട്ടിരിക്കാം എന്നാണ് പൊലീസിൻ്റെ അനുമാനം. രണ്ട് പേര്‍ ഓടിപ്പോകുന്നത് നാട്ടുകാരിൽ ചിലരും കണ്ടിട്ടുണ്ട്. 

നെല്ലിയമ്പം: വയനാട് നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയാണ് റിട്ടേര്‍ഡ് അധ്യാപകനായ കേശവനും ഭാര്യ പദ്മാവതിയും കൊല്ലപ്പെട്ടത്. രണ്ടു പേരെയും വെട്ടിയും കുത്തിയും അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കേശവനേയും പദ്മാവതിയേയും ആക്രമിച്ച മുഖംമൂടി സംഘം ഇവരുടെ കൃഷിയിടത്തിലൂടെ ഓടിരക്ഷപ്പെട്ടിരിക്കാം എന്നാണ് പൊലീസിൻ്റെ അനുമാനം. രണ്ട് പേര്‍ ഓടിപ്പോകുന്നത് നാട്ടുകാരിൽ ചിലരും കണ്ടിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് കൃത്യം നടന്നത്. വീടിൻ്റെ മുകൾ നിലയിൽ വച്ചാണ് കേശവന് കുത്തേറ്റത്. ഇതു കണ്ട നിലവളിച്ച പദ്മാവതി താഴേക്ക് ഇറങ്ങി ഓടി. 

താഴെ വച്ചാണ് പദ്മാവതിയെ അക്രമികൾ വെട്ടിയത്.  പദ്മാവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ അക്രമിസംഘം ഇറങ്ങി ഓടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖംമൂടിയിട്ട രണ്ട് പേരാണ് തങ്ങളെ വെട്ടിയതെന്ന് പദ്മാവതി പറഞ്ഞത്. 

മോഷണം ലക്ഷ്യമിട്ടാവാം ദമ്പതികളെ ആക്രമിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. രണ്ട് നിലകളാണ് വീടിനുള്ളത്. രണ്ടാം നിലയിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെ ജോലിക്കെത്തിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വീടിൻ്റെ രണ്ടാം നിലയിലേക്ക് പുറത്തെ സ്റ്റെയര്‍ കേസ് വഴി മാത്രമേ പ്രവേശിക്കാനാവൂ. ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരുടെ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമായിരിക്കാമെന്ന പൊലീസ് നിഗമനം കൊലപ്പെട്ട കേശവൻ്റെ ബന്ധുക്കൾ തള്ളിക്കളയുന്നു. എട്ട് മണി സമയത്ത് ആക്രമണം നടന്നതാണ് കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നതിന് അടിസ്ഥാനമായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വീട് നിലനിൽക്കുന്ന സ്ഥലം വിജനമായ പ്രദേശത്താണെന്നും റോഡിൽ നിന്നും വീട്ടിലേക്ക് 300 മീറ്ററിലെറെ ദൂരമുള്ളതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 

click me!