
മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളും അപകടാവസ്ഥയിൽ. കോളേജിന്‍റെ പഴയ കെട്ടിടങ്ങളാണ് അപകടക്കെണിയായി മാറുന്നത്. മെഡിക്കൽ കോളേജിലെ പഴയ പേവാർഡും സൂപ്രണ്ടിന്‍റെ കാര്യാലയവുമടക്കം അപകടാവസ്ഥയിലാണ്.
കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച പഴയ പേവാർഡ് കെട്ടിടം ചോർന്നൊലിക്കുകയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ കൗമാരക്കാരുടെ കൗൺസിലിംഗ് സെൻററും ജീവനക്കാരുടെ മുറികളും പ്രവർത്തിക്കുന്നുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് പോകാൻ ഉപയോഗിക്കുന്നതും ഇതേ കെട്ടിടമാണ്. സൂപ്രണ്ടിന്‍റെ കാര്യാലയം പല ഭാഗങ്ങളും പൊളിഞ്ഞ നിലയിലാണ്. കെട്ടിടങ്ങളുടെ അപകടാവസ്ഥ ആശുപത്രി വികസന സമിതി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
മാനന്തവാടി ജില്ലാ ആശുപത്രിയാണ് വയനാട് മെഡിക്കൽ കോളേജായി ഉയര്‍ത്തിയത്. മെഡിക്കൽ കോളേജിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ പ്ലബിങിലടക്കം തകരാറുണ്ടെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പ്ലബിങിലെ തകരാര്‍ മൂലം കഴിഞ്ഞ ദിവസം കെട്ടിടത്തിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. ഇതിനിടെയാണ് പഴയ കെട്ടിടങ്ങളും അപകടഭീഷണിയായി തുടരുന്നത്. വയനാട് മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന ആരോപണം ശക്തമാണ്.
മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടവും തകര്‍ച്ചയുടെ വക്കിൽ
മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടവും തകർച്ചയുടെ വക്കിലാണ്. ബലക്ഷയമുള്ള കെട്ടിടത്തിലാണ് മൂന്ന് നിലയുള്ള അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. പുതിയ സമുചയം പണിയാൻ കേന്ദ്ര സർക്കാർ 9 കോടി രൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. കിടത്തി ചികിത്സ ഉൾപ്പെടെ നിയന്ത്രിച്ചാണ് നിലവിൽ ബലക്ഷയം ഉള്ള കെട്ടിടത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.
ഇതിനിടെ, കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.