
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഇടിഞ്ഞുവീഴുമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിലേക്ക് പോയി. സാധാരണക്കാർക്ക് അമേരിക്കയിൽപോയി ചികിത്സിക്കാൻ പറ്റില്ലല്ലോ. സാധാരണക്കാരുടെ ചികിത്സ ഉറപ്പാക്കി വേണമായിരുന്നു മുഖ്യമന്ത്രി അമേരിക്കക്ക് പോകേണ്ടിയുന്നത്. വീണ ജോർജ്ജ് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എം. വി ഗോവിന്ദന്റെ കനഗോലു പരാമർശത്തില്‍, ഗോവിന്ദൻ പറഞ്ഞത് ഒട്ടും മര്യാദയില്ലാത്ത കാര്യങ്ങളാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഗോവിന്ദൻ്റെത് തരംതാണ പ്രസ്താവനയാണ്. പ്രതിപക്ഷത്തെ മറയാക്കി സിസ്റ്റത്തെ രക്ഷിച്ചെടുക്കാനാണ് ശ്രമം. മന്ത്രിമാർ വരെ എല്ലാത്തിനെയും ന്യായീകരിക്കുന്നു. പ്രതിപക്ഷ പ്രതിഷേധം അനാവശ്യമാണോ എന്നും സാധാരണക്കാരുടെ പ്രശ്നമല്ലേ ഉയർത്തിപ്പിടിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സിനിമ പേര് വിവാദത്തില്‍, സുരേഷ് ഗോപി നമശിവായ മജിസ്ട്രേറ്റിനെ പോലെ ഇരിക്കുകയാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. സുരേഷ്ഗോപി എന്താണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തത്? സുരേഷ് ഗോപി അഭിനയിച്ച സിനിമ എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ല. സെൻസർ ബോർഡിനോട് ചോദിച്ചിട്ട് വേണോ ഇനി പേരിടാൻ? ജാനകി എന്ന് പേരിട്ടാൽ എന്താണ് കുഴപ്പമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കുട്ടികൾക്ക് പേര് ഇടുന്നത് പോലും സെൻസർ ബോർഡിന്റെ അനുമതി വേണ്ട നിലയിലേയ്ക്ക് ആണോ വരുന്നത്? സെൻസർ ബോർഡിന്റെത് ധിക്കാരപരമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തിലും അഭിപ്രായം പറയുന്ന സുരേഷ് ഗോപി ഇപ്പോൾ മിണ്ടുന്നില്ല.
എല്ലാവരും ഖദർ ധരിക്കുന്നത് അഭികാമ്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വസ്ത്രം ഓരോരുത്തരുടെയും ഇഷ്ടമാണ്. അതിൽ അഭിപ്രായം പറയാനില്ല. ആരും വസ്ത്രം ധരിക്കാതെ പോകരുതെന്നേ പറയാനുള്ളൂ. ഖദറിന് അന്തസും പാരമ്പര്യമുണ്ട്. ഖദർ ഇടുന്നതാണ് അഭികാമ്യം. ഞാൻ ഖദറിനെ ഇഷ്ടപ്പെടുന്നു, എല്ലാവരും ഖദറിട്ടാൽ നല്ലത്. ജയരാജൻ ഖാദി വൈസ് ചെയർമാനായ ശേഷം ഖദറിടുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.