
കല്‍പ്പറ്റ: വയനാട്ടിൽ മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനാലും ശക്തമായ മഴ കുറഞ്ഞതിനാലും ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഇതോടൊപ്പം ഉരുള്‍പൊട്ടൽ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാൻ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നോ ഗോ സോൺ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാൻ്റേഷൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ) നിയന്ത്രണം ഏർപ്പെടുത്തിയത്. ജോലിയ്ക്ക് പോകുന്ന തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വെള്ളരിമല വില്ലേജ് ഓഫീസറുടെയും നിർദേശങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ നിൽക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിൽ വ്യക്തമാക്കി.
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിന്‍റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാമെന്നും ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam