2016 ൽ കഴക്കൂട്ടത്ത് വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ശോഭക്കും രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും 23497 വോട്ടുകളായിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡൽ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്ന മോഹമാണ് വി മുരളീധരൻ പരസ്യമാക്കിയത്. കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് തന്റെ പ്രവർത്തനമെന്നും വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വി മുരളീധരനും താൽപര്യം പരസ്യമാക്കുന്നത്. 2016 ൽ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളി സുരേന്ദ്രനോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനായിരുന്നു കഴക്കൂട്ടത്തെ എൻ ഡി എ സ്ഥാനാർഥി. ശോഭക്കും രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും 23497 വോട്ടുകളായിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം.

നേമം പ്രഖ്യാപനം

ഇക്കഴിഞ്ഞ ഡിസംബർ 2 നാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും താന്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു. തൃശൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിലായിരുന്നു നേമത്തെ സ്ഥാനാര്‍ത്ഥിത്വം രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

സംസ്ഥാന നിയമസഭയിൽ ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്നത് നേമത്ത് നിന്നായിരുന്നു. 2016 ൽ മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാലാണ് നേമത്ത് നിന്ന് മത്സരിച്ച് വിജയിച്ചത്. എന്നാൽ 2021 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സീറ്റ് തിരിച്ചുപിടിച്ചു. കുമ്മനം രാജശേഖരനായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി പി എം നേതാവ് വി ശിവൻകുട്ടിയാണ് 202 1ൽ നേമം നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ചത്. ശിവൻകുട്ടി മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.