
ബത്തേരി: ബത്തേരിയില്‍ സ്കൂള്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന് നല്‍കാന്‍ ബത്തരി താലൂക്ക് ആശുപത്രിയില്‍ പ്രതിവിഷം ആവശ്യത്തിന് ഇല്ലായിരുന്നുവെന്ന ആരോപണം തളളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം ആവശ്യത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും പറഞ്ഞു.
പാമ്പ് കടിയേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഷഹല ഷെറിന് ചികിത്സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ചതിന് രണ്ട് കാരണങ്ങളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ജിസ പറയുന്നത്. ആശുപത്രിയില്‍ ഷഹലയ്ക്ക് നല്‍കാനാവശ്യമായ പ്രതിവിഷം സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതിവിഷം നല്‍കിയാല്‍ സംഭവിക്കാനിടയുളള അപകടം കൈകാര്യം ചെയ്യാനുളള വെന്‍റിലറ്റര്‍ സൗകര്യവും ഇല്ലായിരുന്നുവെന്നും. എന്നാല്‍ ഈ രണ്ട് വാദവും ജില്ലാ കളക്ടര്‍ തളളി.
ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം ഇങ്ങന. "ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നു. മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു". ബത്തരി താലൂക്ക് ആശുപത്രിയില്‍ വെന്‍റിലറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡോ.ജിസയുടെ വാദവും സൂപ്രണ്ട് തളളി. രണ്ട് വെന്‍റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ.രണുക പറഞ്ഞു.
2018ല്‍ വയനാട്ടില്‍ പാമ്പ് കടിയറ്റ 136 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയത്. ഈ വര്‍ഷം ഇതുവരെ 90 പേരും. എന്നാല്‍ ഷഹലയുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നും ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam