ഷഹലയുടെ മരണം; വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‍യു, ഓഫീസിന് മുന്നില്‍ പ്രതിഷേധം

By Web TeamFirst Published Nov 22, 2019, 3:46 PM IST
Highlights

മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഓഫീസിന് മുന്നില്‍ തടഞ്ഞു

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥിന്‍റെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. 

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഓഫീസിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം നടത്തി. ഇത് പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

ഷഹലയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി: ജില്ലാ ജഡ്ജി സ്കൂളിലെത്തി, അധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനം

സംഭവത്തിൽ വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന സ്കൂളിന്‍റെ പ്രിൻസിപ്പാളിനെയും ഹെഡ്മാസ്റ്ററെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെൻഡ് ചെയ്തു. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി. 

സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു. യു പി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് ഇന്നലെ തന്നെ സസ്പെൻഡ് ചെയ്തത്. 

click me!