Asianet News MalayalamAsianet News Malayalam

ഷഹലയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി: ജില്ലാ ജഡ്ജി സ്കൂളിൽ, അധ്യാപകര്‍ക്ക് വിമര്‍ശനം

അറ്റകുറ്റപണിക്ക് കൊണ്ടുവന്ന സിമന്‍റ് സ്കൂൾ പരിസരത്ത് കട്ടപിടിച്ച് കിടക്കുന്നുണ്ട്. അതിൽ ഒരു പിടി വാരിയിട്ട് ആ പൊത്ത് അടക്കാമായിരുന്നില്ലേ എന്ന് 

shehala sherins death, district judge 's inspection in wayanad government sarvajana school
Author
Wayanad, First Published Nov 22, 2019, 10:38 AM IST

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാംക്ലാസുകാരി ഷഹല പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ തിരുത്തൽ നടപടികളും അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സൺ എന്നിവർ ബത്തേരി സർവജന സ്കൂളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചിരുന്നു എന്നും  സ്കൂളിലെത്തി പരിശോധന നടത്തിയതിന്‍റെ വിശദമായ റിപ്പോര്‍ട്ട് നൽകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. സംഭവത്തിൽ അസാധാരണ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. 

കേരളം ഏറ്റെടുത്ത വിഷയമാണ് സഹലയുടെ മരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. കേവലം ഒരു പരിശോധനയിൽ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതിൽ നടപടിയും ഉണ്ടാകുമെന്നാണ് ജില്ലാ ജഡ്ജി പറയുന്നത്. ദയനീയ സാഹചര്യമാണ് സ്കൂളിലെന്ന് വിലയിരുത്തിയ ജില്ലാ ജഡ്ജി പ്രധാന അധ്യാപകൻ അടക്കം അധ്യാപകര്‍ക്കുണ്ടായ വീഴ്ചയെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. "

അതിനിടെ വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവും ശക്തമാകുകയാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്. സ്കൂളിലടക്കം അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും  മതിയായ ചികിത്സാ സൗകര്യങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 

തുടര്‍ന്ന് വായിക്കാം: പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം: വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് ഉത്തരവ്

ഷഹലയെ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിച്ചതിന് ശേഷം അടിയന്തര ചികിത്സ നൽകുന്ന കാര്യത്തിൽ അധ്യാപകര്‍ക്കുണ്ടായ വീഴ്ചയിലും പ്രതിഷേധം ശക്തമാകുകയാണ്. ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം സഹപാഠികൾ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. 

ടീച്ചറെ എനിക്ക് തീരെ വയ്യ. എങ്ങനെ എങ്കിലും ആശുപത്രിയിലെത്തിക്കു എന്ന് അവൾ പറയുന്നുണ്ടായിരുന്നു. ഷഹലക്ക് എന്താ പറ്റിയതെന്ന് ഷിജിൽ സാറോട് ചോദിച്ചപ്പോൾ കാല് പോറിയതാണെന്നാണ് പറഞ്ഞത്. എന്തിനാ കാലിൽ കെട്ടിയത്  എന്ന് ചോദിച്ചപ്പോ കാലിൽ വേദനയുണ്ടെന്നായിരുന്നു സാറിന്‍റെ മറുപടി. കുട്ടിയെ നമുക്ക് ആശുപത്രിയിലെത്തിക്കാമെന്ന് ടീച്ചര്‍ പറഞ്ഞിപ്പോൾ കുട്ടിയുടെ അച്ഛൻ വന്ന് ആശുപത്രിയിൽ കൊണ്ടുപോകുമെന്നായിരുന്നു സാറിന്‍റെ മറുപടി.

സുൽത്താൻ ബത്തേരിയിൽ  സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയാക്കുന്ന സംഭവത്തിൽ അധ്യാപകരുടെ വീഴ്ചക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ആവര്‍ത്തിച്ച് സഹപാഠികൾ വീണ്ടും രംഗത്തെത്തിയത്. 

ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂരയുള്ള കെട്ടിടത്തിലാണ് ക്ലാസ് മുറികൾ പ്രവര്‍ത്തിക്കുന്നത്. പൊത്തുകൾ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന രണ്ട് ചാക്ക് സിമന്‍റ് കട്ടപിടിച്ച് സ്കൂൾ പരിസരത്ത് കിടക്കുന്നുണ്ട് .അതിൽ ഒരു പിടി വാരിയിട്ട് പൊത്ത് അടക്കാമായിരുന്നില്ലേ എന്നും കുട്ടികൾ ചോദിക്കുന്നു. 

ഷഹലയുടെ സഹപാഠികൾ പറയുന്നത്:

 

മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്‍റെ അറ്റകുറ്റപ്പണിക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും അത് കടലാസിൽ മാത്രമാണെന്ന് പിടിഎ പ്രസിഡന്‍റ് അബ്ദുൾ അസീസ് പ്രതികരിച്ചു. 

സംഭവത്തെ തുടര്‍ന്ന് വയനാട്ടിലെ മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. സംഭവത്തില്‍ സ്കൂൾ അധികൃതർക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയർമാൻ അരവിന്ദാക്ഷനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം സ്കൂൾ അധ്യാപകർക്കും ഡോക്ടർക്കുമെതിരെ കടുത്ത നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും അരവിന്ദാക്ഷൻ അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios