വയനാട് പുനരധിവാസം; നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി കെ രാജൻ, വീടുകള്‍ ഡിസംബറിൽ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം

Published : Jul 04, 2025, 03:30 PM IST
K RAJAN

Synopsis

സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിക്കുന്നത് ചതുപ്പ് നിലയങ്ങളിൽ ആണെങ്കിൽ അംഗീകാരം തരാൻ കഴിയില്ലെന്നും മന്ത്രി

കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിക്കുന്നത് ചതുപ്പ് നിലയങ്ങളിൽ ആണെങ്കിൽ അംഗീകാരം തരാൻ കഴിയില്ല. വീട് നിർമിക്കാൻ സ്ഥലം നൽകാമെന്ന് ഒരു സംഘടനയോടും സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് വൈകാതെ പുറത്തിറങ്ങും. തൊഴിലാളികൾക്ക് സഹായം നൽകുന്നതിൽ അനുഭാവപൂർണ്ണമായ നടപടിയെടുക്കുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്‍റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്‍റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സ്ഥലമൊരുക്കല്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയായതിനാല്‍ മാതൃക വീടിന്‍റെ നിര്‍മ്മാണം ജൂലൈയോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 110 തൊഴിലാളികളാണ് നിലവില്‍ എല്‍സ്റ്റണില്‍ തൊഴില്‍ ചെയ്യുന്നത്. പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും. അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകളാണുള്ളത്.

ജൂലൈയില്‍ മൂന്ന് സോണുകളിലെയും പ്രവര്‍ത്തികള്‍ ഒരുമിച്ചാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷമാണ് ടൗണ്‍ഷിപ്പിലെ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുക. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ദുരന്തബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിര്‍മ്മാണത്തിനുള്ള തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ഇത് പരിശോധിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്‌പോണ്‍സര്‍മാരുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് സുതാര്യത ഉറപ്പാക്കും. ഇത് സംബന്ധിച്ച് ആര്‍ക്കും കൃത്യമായ പരിശോധന നടത്താം. ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ ബോര്‍ഡ് സ്ഥാപിച്ച് സ്‌പോണ്‍സര്‍മാരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജീവനോപാധിയായി നല്‍കുന്ന 300 രൂപ ദിവസ വേതന ബത്തയ്ക്ക് അര്‍ഹരായ എല്ലാവര്‍ക്കും വിതരണം ചെയ്യും.

എല്ലാവര്‍ക്കും കൂട്ടായ്മയോടെ താമസിക്കാനാണ് എല്‍സ്റ്റണില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. സന്നദ്ധ സംഘടനകള്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന വ്യവസ്ഥയില്‍ സര്‍ക്കാറില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചവര്‍ സംഘടനകള്‍ ലഭ്യമാക്കുന്ന ഭൂമിക്ക് കൃതൃമായ രേഖകള്‍ ഉറപ്പാക്കണം. ജില്ലയിലെ അധിക ഭൂമിയും ഭൂപരിഷ്‌കരണ നിയമം 12 (3) പ്രകാരം തോട്ടംമേഖലയായി ലഭിച്ചവയാണ്. ഇത്തരം ഭൂമിയുടെ തുടരംഗീകാരം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിന് സാധ്യമല്ലെന്നും പ്ലാന്റേഷന്‍ ഭൂമി മുറിച്ച് വില്‍പന ചെയ്യുന്നതില്‍ നിയമ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി