ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും. മകരവിളക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മന്ത്രി വിഎൻ വാസവൻ.

തിരുവനന്തപുരം: ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. മന്ത്രി വിഎൻ വാസവനാണ് വാർത്തസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും. അതേസമയം, മകരവിളക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായും വിഎൻ വാസവൻ അറിയിച്ചു.

പർണശാല കെട്ടി താമസിക്കുന്നവർ അടുപ്പ് കൂട്ടാൻ പാടില്ലെന്നും ആഹാരം ദേവസ്വം ബോർഡ് നൽകുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യൂ പോയിന്റുകളിൽ പൊലിസിനെ സുരക്ഷക്ക് നിയോഗിക്കും. സന്നിധാനത്തും കൂടുതൽ പൊലീസിനെയും സന്നദ്ധ സേനയെയും വിന്യസിക്കും. കാനന പാതയിലുടെ സഞ്ചരിക്കുന്നവർ നിബന്ധനകൾ പാലിക്കണം. തിരുവാഭരണ ഘോഷയാത്ര സുഗമമാക്കുമെന്നും എരുമേലി പേട്ടതുള്ളലിനും ചന്ദനക്കുട ഘോഷയാത്രക്കും ക്രമീകരണങ്ങളായെന്നും വിഎൻ വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം, മകരവിളക്ക് പാസ് മറിച്ച് വിൽക്കുക, സന്നിധാനത്തെ മുറികൾ മറിച്ച് വിൽക്കുക തുടങ്ങിയ കാര്യങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കാനായി മുറികൾ നൽകുന്നത് ഓൺലൈൻ വഴിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. പാസുകളുടെ ക്രമക്കേട് അനുവദിക്കില്ലെന്നും ഐഡി കാർഡും ഫോട്ടോയും നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player