പേര് പറയാതെ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാര്‍. പ്രളയ പുനരധിവാസ പദ്ധതിയായ 'പുനർജ്ജനി'യുമായി ബന്ധപ്പെട്ട് സതീശനെതിരെ വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്പോര്.
തിരുവനന്തപുരം: പേര് പറയാതെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിൽ വീഡിയോ പങ്കുവച്ച് മറുപടിയുമായി മുൻ മാധ്യമപ്രവര്‍ത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാര്‍. പേടിച്ച് പോയെന്ന് പറഞ്ഞേക്ക് എന്ന് കുറിപ്പിനൊപ്പമാണ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളന വീഡിയോ നികേഷ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്. 'എകെജി സെന്ററിലിരുന്ന് ചുമതലപ്പെടുത്തിയ ആളുടെ നേതതൃത്വത്തിൽ, എല്ലാ ദിവസവും എനിക്കെതിരെ പത്ത് കാര്‍ഡ് ഇറക്കും. എല്ലാം കഴിയുമ്പോ, അയാളോട് പറഞ്ഞേക്ക് അയാൾക്കെതിരെ ഒരു കാര്‍ഡ് വരുന്നുണ്ട് ഒറിജിനൽ' എന്നായിരുന്നു വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്.
എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശം
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എകെ ബാലന്‍റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ പറഞ്ഞു. ബാലന്റേത് വർഗീയ പ്രസ്താവനയാണ്. സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. എന്ത് കൊണ്ട് പദ്മകുമാറിനെ സിപിഎം പുറത്താക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.
വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനുമെതിരെ വിജിലൻസ് റിപ്പോർട്ട്
പ്രളയ പുനരധിവാസത്തിനായി വി.ഡി. സതീശൻ ആവിഷ്കരിച്ച 'പുനർജ്ജനി' പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും മണപ്പാട്ട് ഫൗണ്ടേഷനുമെതിരെ വിജിലൻസ് കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. സതീശനും മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നതായി വിജിലൻസ് സംശയിക്കുന്നു. 2018 നവംബർ മുതൽ 2022 മാർച്ച് വരെ മണപ്പാട്ട് ഫൗണ്ടേഷൻ വഴി 1.27 കോടി രൂപ (1,27,33,545.24 രൂപ) പിരിച്ചെടുത്തു. യു.കെയിലെ മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റുമായി (MIAT) കരാറുകളില്ലാതെയാണ് പണം കൈമാറിയത്. സതീശൻ യു.കെയിലേക്ക് പോയത് ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റിലാണ്. ഇതിന്റെ നികുതി അടച്ചതും അവിടെ താമസസൗകര്യമൊരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണ്, സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങി വിദേശത്ത് ഫണ്ട് പിരിവ് നടത്തിയത് എഫ്.സി.ആർ.എ (FCRA) നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു വിജിലൻസ് ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറാൻ വിജിലൻസ് ശുപാർശ ചെയ്തത്.


