
കൊച്ചി : വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസി വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണെന്നും തനിക്കെതിരായ നടപടികളും സിൻഡിക്കേറ്റിനാണ് എടുക്കാൻ കഴിയൂകയുള്ളുവെന്നുമായിരുന്നു രജിസ്ട്രാറിന്റെ വാദം. സുപ്രീം കോടതി വിധികൾ പ്രകാരം എമർജൻസി സിറ്റുവേഷനിൽ മാത്രമേ വിസിക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സാധിക്കൂവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അക്കാദമിക്, നോൻ അക്കാദമിക് വിഷയങ്ങളിൽ മാത്രമേ വിസിക്ക് ഇടപെടാൻ സാധിക്കൂവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് നോൻ അക്കാദമിക് അല്ലേയെന്നും എന്താണ് സസ്പെൻഡ് ചെയ്യാൻ ഉള്ള കാരണമെന്നും കോടതി ചോദിച്ചു. സർവകലാശാല ഹാളിൽ പ്രദർശിപ്പിച്ച മതചിഹ്നമുളള ചിത്രം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. സെക്യൂരിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചതെന്നും ചിത്രം കണ്ടപ്പോൾ ഹിന്ദു ദേവതയായിട്ടാണ് സെക്യൂരിറ്റി ഓഫീസർക്ക് തോന്നിയതെന്നായിരുന്നു ഇതിന് ഹർജിക്കാരന്റെ മറുപടി.
സെക്യൂരിറ്റി ഓഫീസർ പറഞ്ഞ മത ചിഹ്നം എന്താണ് എന്ന് അറിയട്ടെ എന്ന് കോടതി പറഞ്ഞു. എന്ത് കൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്നറിയണം. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചോദിച്ചു. ഇതിന് എബിവിപി- എസ് എഫ് ഐ സംഘർഷമുണ്ടായിരുന്നുവെന്നായിരുന്നു മറുപടി.
അങ്ങനെയുണ്ടായായും ഹാൾ ക്യാൻസൽ ചെയ്യാമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. രജിസ്ടാർക്ക് എതിരെ സർവകലാശാലയുടെ ചാർജ് ഷീറ്റ് ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. ഗവർണർ വരുമ്പോൾ ഇത്തരം കാര്യങ്ങളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്ന് കോടതി രജിസ്ട്രാറോട് ചോദിച്ചു. കേരളാ പൊലീസും മറുപടി നൽകണം, അത്ര വലിയ ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നോ എന്ന് അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam