എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകും: ടി പി രാമകൃഷ്ണൻ

By Web TeamFirst Published Jul 9, 2019, 12:51 PM IST
Highlights

ലഹരി കടത്തുകാർ ആയുധങ്ങൾ ഉപയോഗിച്ച് എക്‌സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്താണ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി. 

തൃശൂര്‍: സംസ്ഥാനത്തെ മുഴുവൻ എക്സൈസ് സേനാംഗങ്ങൾക്കും തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ലഹരി കടത്തുകാർ ആയുധങ്ങൾ ഉപയോഗിച്ച് എക്‌സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്താണ് സേനയിലെ മുഴുവൻ അംഗങ്ങൾക്കും തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 

തൃശൂരിലെ സംസ്ഥാന എക്‌സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്‍ററിൽ പരിശീലനം പൂർത്തിയാക്കിയ 21ാമത് സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് വേരാഴ്ത്താൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയ പരിസരങ്ങളും ഹോസ്റ്റലുകളും ചുറ്റിപ്പറ്റി ലഹരി പദാർഥങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി ഉറപ്പുവരുത്തുമെന്നും എക്സൈസ്  മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

click me!