Latest Videos

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Jun 7, 2020, 7:20 AM IST
Highlights

ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ അൻപത് മുതൽ അറുപത് കിലോമീറ്റർ വേഗതയിൽ കാറ്റുവീശുന്ന സാഹചര്യത്തിൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. 

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. 

ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ അൻപത് മുതൽ അറുപത് കിലോമീറ്റർ വേഗതയിൽ കാറ്റുവീശുന്ന സാഹചര്യത്തിൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

click me!