
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് (2011-16) നാല് ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു എന്ന പ്രതിപക്ഷത്തിന്‍റെ അവകാശവാദം വെറും രാഷ്ട്രീയ പ്രചരണം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ കോടിയേരി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പോലും ഇത്തരമൊരു ഏകോപിത കണക്ക് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്ലാനിംഗ് ബോർഡിന്‍റെ കരട് റിപ്പോർട്ടിലെ ചില അനുമാനങ്ങളെയും, മുൻപ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഇഎംഎസ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടുകളെയും സ്വന്തം അക്കൗണ്ടിൽ ചേർത്താണ് യുഡിഎഫ് ഈ വ്യാജ സംഖ്യ ചമച്ചിരിക്കുന്നത്.
പണി തീരാത്ത വീടുകളും കേവലം അനുമതി മാത്രം നൽകിയ പദ്ധതികളും യുഡിഎഫ് കണക്കിൽപെടുത്തി. അക്കാലത്ത് ഒരു വീടിന് നൽകിയിരുന്ന സഹായം വെറും 50,000 മുതൽ 70,000 രൂപവരെ മാത്രമായിരുന്നു. ഇത് വീട് പൂർത്തിയാക്കാൻ ഒട്ടും പര്യാപ്തമായിരുന്നില്ല. ലൈഫ് മിഷൻ വഴി വീട് ലഭിച്ച ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഇന്ന് പൊതുസമക്ഷം ലഭ്യമാണ്. എന്നാൽ യുഡിഎഫ് അവകാശപ്പെടുന്ന 4,43,000 ഗുണഭോക്താക്കളുടെ പട്ടിക പുറത്തുവിടാൻ പ്രതിപക്ഷത്തിന് സാധിക്കുമോ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു.
യുഡിഎഫ് ഭരണകാലത്ത് കൃത്യമായ ഏകോപനമില്ലാതെ പണി മുടങ്ങിപ്പോയ 52,000-ത്തോളം വീടുകൾ പോലും എൽഡിഎഫ് സർക്കാർ ലൈഫ് മിഷനിലൂടെ ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു. ഭരണപരമായ പരാജയങ്ങൾ മറച്ചുവെക്കാൻ നുണകൾ ആവർത്തിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ഈ നാട് അത് വിലവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിതറിക്കിടന്ന പദ്ധതികളെ പെരുപ്പിച്ചു കാട്ടി നടത്തുന്ന വ്യാജപ്രചരണങ്ങൾ കൊണ്ട് സർക്കാരിന്റെ നേട്ടങ്ങളെ മൂടിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam