
കോഴിക്കോട്: പതിനെട്ട് കൊല്ലംമുന്‍പ് കാണാതായ ജ്യേഷ്ഠനെ(Missing Youth) അപ്രതീക്ഷിതമായി കേരളത്തില്‍നിന്നും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് പശ്ചിമബംഗാൾ(West Bengal) സ്വദേശികളായ സഹോദരങ്ങൾ. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ (kuthiravattam mental hospital) ചികിത്സയിലായിരുന്ന കാർത്തിക്ക് അങ്ങനെ സഹോദരങ്ങൾക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയാണ്.
കൊവിഡ് കാലത്ത് തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനായി മോഡല്‍ സ്കൂളില്‍ തുടങ്ങിയ ക്യാംപില്‍നിന്നാണ് ഉസ്മാന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ആശുപത്രിയിലേക്ക് മാറ്റുമ്പോൾ പേരുപോലും ഓർമ്മയില്ലാത്ത യുവാവിന് ആരോ നല്‍കിയ പേരാണ് ഉസ്മാന്. നാടെവിടെയെന്ന് ചോദിക്കുമ്പോൾ ദത്പുകുർ, ബരാസക് എന്നൊക്കെയാണ് മറുപടി പറഞ്ഞിരുന്നത്.
ഒരിക്കല്‍ ആശുപത്രിയിലെത്തിയപ്പോൾ ഉസ്മാനോട് സംസാരിച്ച മുന്‍ ഐബി ഉദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ശിവന്‍ കോട്ടൂളി ഈ വാക്കുകൾ ഇന്‍റർനെറ്റില്‍ തിരഞ്ഞുനോക്കി. പശ്ചിമബംഗാൾ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്ത്പുകുർ എന്നൊരു ഗ്രാമമുണ്ടെന്ന് കണ്ടു. ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു, ഉദ്യോഗസ്ഥരുമായി ഉസ്മാനെകൊണ്ട് സംസാരിപ്പിച്ചു.
2003ല്‍ ദത്പുകുറിലെ വീട്ടില്‍നിന്നും ഇറങ്ങിപോയ കാർത്തിക് മജൂംദാറാണ് വർഷങ്ങളോളം അലഞ്ഞ് നടന്ന് കോഴിക്കോടെത്തിയിരിക്കുന്നതെന്ന് മനസിലായി. മരിച്ചെന്നു കരുതിയ ചേട്ടന്‍ കേരളത്തിലുണ്ടെന്നറിഞ്ഞ സഹോദരന്‍മാർ ദിവസങ്ങൾക്കകം കോഴിക്കോട്ടെത്തി. നാട്ടിലെത്തിയാലും കാർത്തികിന്‍റെ ചികിത്സ തുടരുമെന്ന് സഹോദരങ്ങള്‍ പറഞ്ഞു. കുടുംബത്തോടൊപ്പമാകുന്നതോടെ വൈകാതെ രോഗമൊക്കെ മാറുമെന്നാണ് ഡോക്ടർമാരുടെയും പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam