മഞ്ഞ കാർഡിലെ ഒരംഗത്തിന് ഏഴുകിലോ അരി മാത്രം: പുതിയ നീക്കത്തിൽ കേന്ദ്രത്തിൻ്റെ ന്യായീകരണമിത്; പ്രതിഷേധമറിയിക്കാൻ കേരളം

Published : Jun 26, 2026, 10:24 AM IST
Yellow Card Ration Rice Change

Synopsis

അന്ത്യോദയ അന്നയോജന കാർഡിനുള്ള ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. അസമത്വം ഒഴിവാക്കാൻ വേണ്ടിയാണ് നടപടിയെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും കേന്ദ്രം. 

ദില്ലി: അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കം റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്യാനെന്ന് കേന്ദ്ര സർക്കാരിൻ്റെ ന്യായീകരണം. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്. വ്യക്തികൾക്ക് നിശ്ചിത തൂക്കം നൽകുമ്പോൾ തുല്യത ഉറപ്പാക്കാനാകുമെന്നും കേന്ദ്രം പറയുന്നു. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിൻ്റെ അരി വിഹിതത്തിൽ വലിയ കുറവുണ്ടാകും. പ്രതിവർഷം ഒരു ലക്ഷം ടൺ അരിവരെ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിക്കും.

ഇതുവരെ മഞ്ഞ കാർഡുടമകൾക്ക് കുടുംബത്തിലെ അംഗസംഖ്യ പരിഗണിക്കാതെ 35 കിലോ അരിയാണ് ഓരോ മാസവും നൽകിയിരുന്നത്. എന്നാൽ അംഗസംഖ്യ പരിഗണിച്ച് ഒരു അംഗത്തിന് പ്രതിമാസം ഏഴുകിലോ എന്ന അളവിൽ മാത്രം അരി വിതരണം ചെയ്യാനുള്ള ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഭേദഗതിയുടെ കരടുരേഖയിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 13 വരെയാണ്.

എന്താണ് കേന്ദ്രത്തിൻ്റെ നീക്കം?

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം ഏഴുകിലോ ആയി കുറയ്ക്കാനാണ് നിർദേശം. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുകയാണ്.

പുതിയ ഭേദഗതി നടപ്പിലായാൽ ഈ രീതി മാറും. പകരം ഓരോ അംഗത്തിനും ഏഴ് കിലോഗ്രാം വീതം നൽകും. എന്നാൽ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും. അതേസമയം നിയമഭേദഗതിയെ എതിർക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കേന്ദ്രം നിയമത്തിൽ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. 2017ലും സമാന ഭേദഗതിക്ക് കരട് പുറത്തിറക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷം: പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം; എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്നെഴുതി
വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും