Latest Videos

ജോമോൻ ജോസഫിന് എത്ര വോട്ട്? 'അപരൻ ഇഫക്ടി'ന് തൃക്കാക്കരയിൽ എന്ത് സംഭവിച്ചു

By Anver SajadFirst Published Jun 3, 2022, 6:03 PM IST
Highlights

തൃക്കാക്കരയിൽ ഡോ. ജോ ജോസഫിന് അപര ഭീഷണിയുമായെത്തിയത് ജോമോൻ ജോസഫായിരുന്നു. ബാലറ്റ് പേപ്പറിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജോമോൻ ജോസഫിന് പക്ഷേ വോട്ടർമാർ തീരെ ശ്രദ്ധ നൽകിയില്ല

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാ‍ർത്ഥി ചിത്രം തെളിഞ്ഞപ്പോൾ ഇടതു മുന്നണി നേതാക്കൾക്ക് ഒരു 'അപര' ഭയം ഉടലെടുത്തിരിക്കാം. പല തെരഞ്ഞെടുപ്പുകളിലും പ്രമുഖരുടെ വീഴ്ചയ്ക്ക് അപരൻമാരുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന ചരിത്രം തന്നെയാണ് അതിന് കാരണം. അപരന്‍റെ കയ്പ്പ് ഏറ്റവും അറിയുന്ന നേതാവ് ഒരു പക്ഷേ വി എം സുധീരനാകും. 2004 ൽ ഇടതു മുന്നണി സ്ഥാനാ‍ർത്ഥി ഡോ. കെ എസ് മനോജ് വിജയ ചെങ്കൊടി പാറിച്ചപ്പോൾ അതിൽ സുധീരന്‍റെ അപരൻ നേടിയ വോട്ടുകൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. തൃക്കാക്കരയിൽ മറ്റൊരു ഡോക്ടറെ അവതരിപ്പിച്ചപ്പോൾ അതുകൊണ്ട് തന്നെയാണ് അപരന്‍ ഇടത് മുന്നണിക്ക് ഭീഷണിയാകുമോ എന്ന ചോദ്യങ്ങളുയർന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അപരൻ ഇഫക്ടിനെ പൂർണമായും തള്ളുന്നതാണ്.

തൃക്കാക്കരയിൽ മത്സരത്തിന് കളമൊരുങ്ങി; ആകെ എട്ട് സ്ഥാനാർത്ഥികൾ; ജോ ജോസഫിന് അപരൻ വെല്ലുവിളി

തൃക്കാക്കരയിൽ ഡോ. ജോ ജോസഫിന് അപര ഭീഷണിയുമായെത്തിയത് ജോമോൻ ജോസഫായിരുന്നു. ബാലറ്റ് പേപ്പറിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജോമോൻ ജോസഫിന് പക്ഷേ വോട്ടർമാർ തീരെ ശ്രദ്ധ നൽകിയില്ല. കരിമ്പ് കർഷകന്‍റെ ചിഹ്നവുമായെത്തിയ അപരൻ 384 വോട്ടുകളാണ് സ്വന്തമാക്കിയത്. നോട്ടക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് ജോമോൻ ജോസഫ് ഫിനിഷ് ചെയ്തത്. ഉമ തോമസ് 72767 വോട്ടുകൾ നേടി തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയപ്പോൾ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് 47752 വോട്ടുകളുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാക‍ൃഷ്ണൻ 12955 വോട്ടുകളാണ് നേടിയത്. 1111 പേരാണ് നോട്ടയ്ക്ക് കുത്തിയത്.

സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രത; പോളിങിലെ തെറ്റായ ധാരണ മാറിയില്ലേ: ഉമ്മൻചാണ്ടി

അതേസമയം ഉമ തോമസ്  തൃക്കാക്കരയില്‍ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 239 ബൂത്തുകളില്‍ 217 ബൂത്തുകളിലും അവര്‍ വ്യക്തമായ ലീഡ് നേടി. ഇടതുമുന്നണിക്കാകട്ടെ 22 ബൂത്തുകളില്‍ മാത്രമാണ് ലീഡ് കിട്ടിയത്. കോര്‍പ്പറേഷന്‍ പരിധിയിലെ ബുത്തുകളിലും നഗരസഭയിലെ ബൂത്തുകളിലും ഉമ തോമസ് കൃത്യമായ ലീഡ് ഉറപ്പിച്ചാണ് തിളക്കമാര്‍ന്ന ജയം കൈക്കലാക്കിയത്. 72767 വോട്ടുകൾ നേടിയ ഉമ തോമസ് 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി ടി തോമസിന്‍റെ പിൻഗാമിയായി തൃക്കാക്കരയുടെ ജനപ്രതിനിധിയാകുന്നത്. 

തൃക്കാക്കരയിലെ 239 ബൂത്തുകളിൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് 22 ബൂത്തുകളിൽ മാത്രം

click me!