
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണത്തിൽ ഒൻപതാം ദിവസവും പ്രതിയെ പിടികൂടാതെ പൊലീസ്. ഹാൻസ് കടത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്ത് ഇപ്പോഴും ഒളിവിലാണ്. സബിത്തിന് സേനയ്ക്ക് ഉള്ളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ സംശയം ഉയർന്നിട്ടുള്ളത്. സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്. സബിത്ത് ഒളിവിൽ കഴിയവേ മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമെന്നാണ് പൊലീസിന്‍റെ വിശദീകരണം. തൊണ്ടിമുതലായ ഏഴു ചാക്ക് ഹാൻസ് ആണ് സബിത്ത് കടത്തിയത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റൻറ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതൽ മോഷണം പോയത് കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് മോഷണം നടത്തിയതിനാൽ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ അന്വേഷണം.
ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച്പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26 ന്ന് കോടതിയിൽ ഹാജരാക്കി. ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് പറയുന്നത് അനുസരിച്ച് ജൂലൈ 18 ന് ജിഡി ചാർജിലായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലാണ് 7 ചാക്ക് ഹാൻസ് കടത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിൽ ആയിരുന്ന സബിത്ത് ഇപ്പോൾ ഒളിവിലാണ്. ഓപ്പറേഷൻ തൂഫാൻ നടപ്പാക്കി ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് സേനയ്ക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കി പൊലീസുകാരന്‍റെ തൊണ്ടി മുതൽ മോഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam