നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതല ആർക്കെന്ന് അറിയിക്കണം, പൊലീസ് മേധാവിയോട് ഹൈക്കോടതി 

Published : May 06, 2022, 03:27 PM IST
നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതല ആർക്കെന്ന് അറിയിക്കണം, പൊലീസ് മേധാവിയോട് ഹൈക്കോടതി 

Synopsis

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. 

ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ മുഖ്യപ്രതി പൾസർ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്‍റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു സുനി സ്ഥാപനത്തിലെത്തിയത്. എന്നാൽ  വിസ്താര ഘട്ടത്തിൽ സാക്ഷിയായ സാഗ‍ർ മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാൻ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്‍റെ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. ഇത് മുൻനിർത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്‍റെ വിസ്താരം പുനരാരംഭിക്കുമ്പോൾ ഈ  തെളിവുകൾ നിരത്തി സാക്ഷികൾ കൂറുമാറിയതിന്‍റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം. 

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ മാപ്പുസാക്ഷിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം