ലീ​ഗിൻ്റെ തട്ടകത്തിൽ ഇടതുതന്ത്രങ്ങൾ; കോട്ടകാക്കാൻ പികെ ഫിറോസ്, അട്ടിമറിക്കാൻ സലീം മടവൂർ, കൊടുവള്ളിയിൽ ആര് ജയിക്കും

Published : Mar 26, 2026, 07:32 PM IST
Koduvally Assembly Election 2026 Candidates

Synopsis

മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന കൊടുവള്ളി മണ്ഡലം, സ്വതന്ത്ര സ്ഥാനാർത്ഥികളുടെ വിജയത്തോടെ പ്രവചനാതീതമായ രാഷ്ട്രീയ സ്വഭാവം കൈവരിച്ചു. 2011 മുതൽ 2021 വരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളും അട്ടിമറികളും വിശകലനം ചെയ്യുന്നതിനൊപ്പം, വരാനിരിക്കുന്ന മത്സരത്തിലെ പ്രധാന സ്ഥാനാർത്ഥികളെയും ലേഖനം പരിചയപ്പെടുത്തുന്നു.

കോഴിക്കോട് താലൂക്കിലെ കിഴക്കോത്ത്, കൊടുവള്ളി, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകൾ ചേരുന്നതാണ് കൊടുവള്ളി നിയമസഭാ മണ്ഡലം. മുസ്ലീം ലീ​ഗിന് ഏരെ സ്വധീനമുള്ള മണ്ഡലമാണെങ്കിലും എൽഡിഎഫിൻ്റെ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. 1970-കളും 80-കളും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (IUML) സുവർണ്ണകാലമായിരുന്നു. ഇ അഹമ്മദ്, പിവി മുഹമ്മദ് തുടങ്ങിയ കരുത്തരായ നേതാക്കളിലൂടെ പാർട്ടി ഇവിടെ ശക്തമായ അടിത്തറ കെട്ടിപ്പടുത്തു. തുടർച്ചയായ വിജയങ്ങളിലൂടെ മണ്ഡലത്തെ ലീഗിന്റെ കോട്ടയാക്കി മാറ്റാൻ ഇവർക്ക് സാധിച്ചു.

വെല്ലുവിളികളും രാഷ്ട്രീയ മാറ്റങ്ങളും

എങ്കിലും ഈ ആധിപത്യം ചോദ്യം ചെയ്യപ്പെടാത്തതായിരുന്നില്ല. സിപിഎമ്മും ജനതാദളും കൃത്യമായ ഇടവേളകളിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും നിർണ്ണായകമായ വോട്ടുവിഹിതം നേടിയെടുക്കുകയും ചെയ്തു. മുസ്ലീം ലീഗിന്റെ കുത്തക തകർക്കാൻ ഇടതുപക്ഷ പാർട്ടികൾ നടത്തിയ പരീക്ഷണങ്ങൾ മണ്ഡലത്തിൽ പലപ്പോഴും വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു.

പ്രവചനാതീതമായ വർത്തമാനം

2006-ലും 2016-ലും കണ്ടത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ വഴിത്തിരിവുകളാണ്. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെ മറികടന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചതോടെ, മണ്ഡലം ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ ഭൂമികയായി മാറി. കേവലം പാർട്ടി ചിഹ്നങ്ങൾക്കപ്പുറം വ്യക്തമായ വ്യക്തിപ്രഭാവത്തിനും പ്രാദേശിക വിഷയങ്ങൾക്കും ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ഈ വിജയങ്ങൾ തെളിയിക്കുന്നുണ്ട്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗിലെ വിഎം ഉമ്മറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 60,365 വോട്ടുകൾ‌ നേടിയാണ് ഉമ്മർ വിജയിച്ചത്. സിപിഎമ്മിൻ്റെ എം മെഹബൂബ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. മെഹബൂബിന് 43,813 വോട്ടുകളായിരുന്നു ലഭിച്ചിരുന്നു. ബിജെപിക്ക് 6,519 വോട്ടുകളും മണ്ഡലത്തിൽനിന്ന് 2011ലെ തെരഞ്ഞെടുപ്പിൽ‌ ലഭിച്ചിട്ടുണ്ട്. 16,552 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിഎം ഉമ്മർ വിജയിച്ചത്.

എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ നടന്നത് വൻ അട്ടിമറിയായിരുന്നു. എൽ‌ഡിഎഫിൻ്റെ പിന്തുണയോടെ മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 61,033 വോട്ടുകളായിരുന്നു കാരാട്ട് റസാഖിന് ലഭിച്ചിരുന്നത്. മുസ്ലീം ലീ​ഗ് സ്ഥാനാർഥി എംഎ റസാഖിന് 60,460 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാർഥിക്ക് 11,537 വോട്ടുകളാണ് ലഭിച്ചിരുന്നത്.

2021 ലെ തെരഞ്ഞെടുപ്പിൽ ലീ​ഗ് കൊടുവള്ളി പിടിച്ചെടുക്കുകയായിരുന്നു. മുസ്ലീം ലീ​ഗ് നേതാവ് എംകെ മുനീറായിരുന്നു യുഡിഎഫിനുവേണ്ടി മത്സരിച്ചിരുന്നത്. 72,336 വോട്ടുകളായിരുന്നു എംകെ മുനീർ നേടിയിരുന്നത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് റസാഖിന് 65,992 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് ലഭിച്ചിരുന്നത് 9,498 വോട്ടുകളായിരുന്നു. 6,344 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംകെ മുനീർ വിജയിച്ചത്.

ഇത്തവണ മണ്ഡലത്തിൽ മുസ്ലീം യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ് ആണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. സലീം മടവൂരാണ് എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിനുവേണ്ടി ​ഗിരി പമ്പനാൽ ആണ് മത്സരത്തിനിറങ്ങുന്നത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയും കൊടുവള്ളിക്കുണ്ട്. 13 പേരാണ് കൊടുവള്ളി മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്; യുഡിഎഫ് സർക്കാർ വന്നാൽ ആദ്യ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണെന്ന് കെ സി വേണുഗോപാൽ
സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ