
കൊച്ചി : ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെൺകുട്ടികളെയല്ല,പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.
എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ?
നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കുംഈ സമൂഹത്തിൽ ജീവിക്കണം. പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കിൽ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
കേസ് പരിഗണിക്കുന്ന ജഡ്ജിനു പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിർക്കുന്നത് എന്ന വിമർശനം കണ്ടു. എന്റെ അടുത്ത ബന്ധുക്കൾ ആയ പെൺകുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ദില്ലിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു
മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകൾ സംസ്ഥാനത്തുണ്ട്.ഇവിടത്തെ കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ എന്ന് കോടതി ചോദിച്ചു.
സർക്കാരിനെ കോടതി കുറ്റപ്പെടുത്തില്ല. എല്ലാ രക്ഷിതാക്കൾക്കും പെൺകുട്ടികളെ പൂട്ടിയിടണം എന്നാണെങ്കിൽ സർക്കാരിന് എന്ത് ചെയ്യാനാകും?രാത്രിയെ നാം ഭയക്കരുത്. ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു
മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണം: വിവേചനം പാടില്ല, അന്വേഷിക്കുമെന്ന് വനിതാ കമ്മീഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam