
തിരുവനന്തപുരം; ഒന്നാം പിണറായി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച സബര്‍ബന്‍ റെയില്‍വെ പദ്ധതി പിന്നീട് വേണ്ടെന്നു തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് പകരം യു.ഡി.എഫ്. സര്‍ക്കാര്‍ 2013-ല്‍ അവതരിപ്പിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. ഇതു നടപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വളവുകള്‍ നിവര്‍ത്ത് ഒട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പരിഷ്‌കരിച്ചാല്‍ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 ഏക്കര്‍ സ്ഥലവുമാണ്. ഇതു വേണ്ടെന്നു വച്ച് രണ്ട് ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുന്നതും 1,383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതും പാരിസ്ഥിതികമായി വിനാശകരവുമായ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സര്‍വ്വനാശത്തിന് വഴി തെളിക്കുന്നതാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 ജൂണ്‍ 13-ന് പി.ഡബ്‌ള്യൂ.ഡി- റെയില്‍വെ മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സബര്‍ബന്‍ റെയില്‍ പദ്ധതി തത്വത്തില്‍ അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കുവാന്‍ തീരുമാനിച്ചതാണ്. ഇതനുസരിച്ച് സബര്‍ബന്‍ റെയില്‍വെ പദ്ധതി മന്ത്രിസഭ പരിഗണിച്ചോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിസഭ ഇത് പരിഗണിച്ചുവെങ്കില്‍ പദ്ധതി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കാനുള്ള കാരണം പൊതുസമൂഹത്തിന് മുമ്പില്‍ വെളിപ്പെടുത്താന്‍ മുഖ്യന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam