വൃക്കരോഗിയുടെ മരണം; കോഴിക്കോട് മെഡി.കോളേജിനെതിരെ ആരോപണവുമായി മരിച്ച മഹേഷിൻ്റെ ഭാര്യ

By Web TeamFirst Published Apr 30, 2020, 9:23 PM IST
Highlights

തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച മഹേഷിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത് ചൊവ്വാഴ്ച ഉച്ചയ്ക്ക്. പരിശോധന ഫലം വന്നപ്പോള്‍ മഹേഷിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളാകെ കൊവിഡ് പ്രതിരോധത്തിലേക്ക് മാറിയതോടെ മറ്റു രോഗികള്‍ക്കുളള ചികില്‍സ പ്രതിസന്ധിയില്‍. കോഴിക്കോട് കുന്നത്തുപാലം സ്വദേശി മഹേഷ് കുമാറിന്‍റെ മരണം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വീഴ്ച കൊണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. 

കൊവിഡ് സംശയിച്ച് ഒരു ദിവസത്തോളമാണ് മഹേഷിനെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയത്. വടകര സ്വദേശകളായ ദന്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ  പെണ്‍കുഞ്ഞ് മരിച്ചതും ചികില്‍സയിലെ തകരാറുകൊണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കുന്നത്തുപാലം സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ മഹേഷ് കുമാര്‍ മൂന്നു വര്‍ഷമായി ഡയാലിസിസ് ചെയ്തു വരുന്ന വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിനും മരുന്ന് കഴിച്ചിരുന്നു. പനി ബാധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.  

കൊവിഡാണോ എന്ന് പരിശോധിക്കണമെന്നും ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്ഥിരമായി കഴിക്കുന്ന മരുന്നോ ചികില്‍സാ നിര്‍ദ്ദേശങ്ങളോ വാങ്ങിയില്ലെന്നു മാത്രമല്ല ഐസൊലേഷന്‍ വാര്‍ഡിന്‍റെ പരിസരത്തു നിന്ന് ബന്ധുക്കളെ മാറ്റുകയും ചെയ്തു. താന്‍ സ്ഥിരമായി കഴിക്കുന്ന മരുന്നോ മറ്റു ചികില്‍സയോ കിട്ടുന്നില്ലെന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെ മഹേഷ് ഭാര്യയോട് പറഞ്ഞു.

ഒടുവില്‍ കൊവിഡ് ഫലം വന്നപ്പോള്‍ മഹേഷിന് കൊവിഡില്ലെന്ന് സ്ഥിരീകരണം. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച മഹേഷിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതാകട്ടെ ചൊവ്വാഴ്ച ഉച്ചയ്ക്കും.എന്നാല്‍ ചികില്‍സ പിഴവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ തന്നെ മഹേഷ് അവശ നിലയിലായിരുന്നെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

ന്യൂസ് അവറിൽ മഹേഷിൻ്റെ ഭാര്യ പ്രഭിത പറഞ്ഞത് - 

മൂന്ന് വർഷമായി ഭർത്താവിനെ വൃക്കരോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കാണിച്ചിരുന്നത്. ഡോ. ശ്രീലതയുടെ രോഗിയായിരുന്നു ഭർത്താവ്. ഡയാലിസസ് ചെയ്യുന്ന ആളായതിനാൽ ഭർത്താവിന് ഇൻഫക്ഷനുണ്ടാവാതെ നോക്കണമെന്നും ഇൻഫക്ഷൻ വന്നാൽ വിറയലും പനിയും ഉണ്ടാകുമെന്നും ഡോക്ടർ ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. ഇതേ ലക്ഷണങ്ങൾ ഭർത്താവിന് വന്നതിനാലാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. 

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് വിറയലിനെ തുടർന്ന് ഭർത്താവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. അവിടെ ചെന്ന് പരിശോധിച്ചപ്പോൾ പനിയുണ്ടായിരുന്നു. എന്നാൽ കടുത്ത പനിയായിരുന്നില്ല. പക്ഷേ ഇനി പനി ക്ലിനിക്കിലേക്ക് പോകണമെന്നാണ് അവിടെ നിന്നും പറഞ്ഞത്. 

ഭർത്താവ് കിഡ്നിക്കും ഹൃദയത്തിനും തകരാറുള്ള ആളാണെന്നും ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അവിടുത്തെ ഡോക്ടർമാരോട് പറഞ്ഞു. രണ്ടാഴ്ച മുൻപ് ഇൻഫക്ഷനായി ഭർത്താവുമായി മെഡിക്കൽ കോളേജിൽ വന്നിരുന്നുവെന്നും അവരോട് പറഞ്ഞു. എന്നാൽ ഭർത്താവിന് കൊവിഡാണെന്ന നിഗമനത്തിലാണ് അവർ തുടക്കം തൊട്ടേ പെരുമാറിയത്. ഭർത്താവ് ഗൾഫിൽ പോയോ അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും യാത്ര ചെയ്തോ എന്നല്ലാം അവർ ചോദിച്ചു. അതിനു ശേഷം മണിക്കൂറുകളോളം ഞങ്ങളെ പുറത്തു കാത്തു നിർത്തി. 

പിന്നീട് ഡയാലിസസ് രോഗിയായതിനാൽ ഭർത്താവിനെ ഐസിയുവിൽ അഡ്മിറ്റ് ചെയ്യണം. നാളെ ഉച്ചയോടെ സ്രവപരിശോധന ഫലം തരാമെന്നും അവർ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഭർത്താവിനെ ഐസിയുവിലാക്കി. എന്നെ അവിടെ നിൽക്കാൻ അവർ സമ്മതിച്ചില്ല. വീട്ടിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചു. എന്നാൽ രാത്രി വരേയും ഭർത്താവിനെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.

ഐസിയുവിലാണെന്ന് പറഞ്ഞിട്ടും ഐസൊലേഷൻ റൂമിലേക്കാണ് മാറ്റിയതെന്ന് പിന്നീട് രാത്രി ഭർത്താവ് വിളിച്ചു പറഞ്ഞു. പിറ്റേദിവസം ഉച്ചവരേയും ഡോക്ടർമാർ ആരും കാണാൻ വന്നില്ലെന്നും വൃക്കരോഗത്തിനും ഹൃദ്രോഗത്തിനും സ്ഥിരമായി കഴിക്കുന്ന മരുന്നുകളൊന്നും കഴിച്ചിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു. 

അന്നേദിവസം വൈകിട്ടോടെ ഭർത്താവിന് അവർ ഒരു ഇൻഞ്ചക്ഷൻ കൊടുത്തു. ഇൻഫക്ഷനുള്ള മരുന്നായിരിക്കാം അതെന്ന് കരുതി ഞാനും ഭർത്താവിനെ ഫോൺ ചെയ്തു സമാധാനിപ്പിച്ചു. എന്നാൽ അന്നും ഭ‍ർത്താവിന് സ്ഥിരമായി കഴിക്കുന്ന മരുന്നൊന്നും കൊടുത്തില്ല. 

പിറ്റേന്ന് രാവിലെ ആറ് മണിയോടെ ഭ‍ർത്താവിൻ്റെ ജേഷ്ഠൻ്റെ മകനെ ആശുപത്രിയിൽ നിന്നും വിളിച്ചു അടിയന്തരമായി ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടു. അവൻ തിരക്കിട്ട് ആശുപത്രിയിലെത്തിയപ്പോൾ മഹേഷ് ​ഗുരുതരാവസ്ഥയിലാണെന്നും വെൻ്റിലേറ്ററിലേക്ക് മാറ്റുകയാണെന്നും അവ‍ർ അറിയിച്ചു. 

ഇതിനു വേണ്ട രേഖകളിലെല്ലാം ഒപ്പിട്ടു കൊടുത്തു. രേഖകളെല്ലാം ഒപ്പിട്ടു കൊടുത്ത് പത്ത് മിനിറ്റിനകം തന്നെ ഭ‍ർത്താവിൻ്റെ മൃതദേഹം പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്തു. എന്തിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് എനിക്കറിയില്ല. ജീവനോടെ അവരെ ഏൽപിച്ചു പോന്ന ഭ‍ർത്താവിൻ്റെ മൃതദേഹമാണ് അടുത്ത ദിവസം എനിക്ക് അവ‍ർ വിട്ടു തന്നത്. 

മഹേഷിൻ്റെ മരണം കൂടാതെ തങ്ങളുടെ മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മരണത്തിന് കാരണം ചികില്‍സാ പിഴവെന്നാണ് വടകര സ്വദേശികളായ മേഘയുടെയും രഞ്ജിത്തിന്‍റെയും പരാതി. കുഞ്ഞിനു തൂക്കക്കൂടുതലായതിനാല്‍ സിസേറിയന്‍ വേണ്ടിവരുമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രി കൊവിഡ് സെന്‍ററാക്കി മാറ്റയതോടെ പ്രസവശുശ്രൂഷ വിഭാഗത്തിലെയും കുട്ടികളുടെ വിഭാഗത്തിലെയും ഒരു വിഭാഗം ഡോക്ടര്‍മാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 

ഇതോടെ സ്വാഭാവിക പ്രസവം നടത്താന്‍ നഴ്സുമാര്‍ നടത്തിയ ശ്രമം കുഞ്ഞിന്‍റെ ശരീരത്തില്‍ പരിക്കേല്‍പ്പിച്ചെന്നും ഇത് മരണത്തിന് കാരണമായെന്നുമാണ് പരാതി. കു‍ഞ്ഞിന്‍റെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

click me!