
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ക്യാമ്പ് സജീവമാകുമ്പോൾ, മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വൻ പടയൊരുക്കമാണ് നടക്കുന്നത്. നേതാക്കൾ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള നേതാക്കൾ നേരിട്ട് ഇക്കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും നീക്കങ്ങൾ സജീവമാണ്.
മുഖ്യമന്ത്രി ചര്‍ച്ചകൾത തൽക്കാലം ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് പുതിയ വിവാദത്തിന് വിക്കിപീഡിയ വഴിയൊരുക്കിയിരിക്കുന്നത്. കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വീണ്ടും ചര്‍ച്ചകൾക്ക് വഴിവെച്ചു. ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയിൽ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവാദമായതോടെ ഈ ഭാഗം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയത് നിർണ്ണായകമായി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് സുധാകരൻ ഖാർഗെയെ നേരിട്ട് അറിയിച്ചു. കേരളത്തിന് കെ.സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് ആവശ്യമെന്നും തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് ഇത്തരം ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരന്നു
നിശബ്ധമായി സതീശൻ
അതേസമയം, മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് തൽക്കാലം മാറി നിൽക്കാനാണ് വിഡി. സതീശൻ പക്ഷത്തിന്റെ തീരുമാനം. ഘടകകക്ഷികളായ ലീഗ് അടക്കമുള്ളവർ നിർണ്ണായക ഘട്ടത്തിൽ തങ്ങളെ തുണയ്ക്കുമെന്നാണ് സതീശൻ ചേരിയുടെ കണക്കുകൂട്ടൽ. ലോബിയിംഗിന് നിൽക്കാതെ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കി ഹൈക്കമാൻഡിനെ വരുതിയിലാക്കാനാണ് ഇവരുടെ നീക്കം. മറ്റ് ഗ്രൂപ്പുകളിലെ പല എം.എൽ.എമാരും തങ്ങളോടൊപ്പമാണെന്ന് സതീശൻ പക്ഷം അവകാശപ്പെടുന്നു.
രമേശ് ചെന്നിത്തലയുടെ അനുകൂലികളും കളത്തിൽ സജീവമാണ്. എം.പിമാരുടെ പിന്തുണ ഉറപ്പാക്കി സമ്മർദ്ദം ചെലുത്താനാണ് കെ.സി പക്ഷം ശ്രമിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ചർച്ചകളിൽ ഖാർഗെയ്ക്ക് യോജിപ്പില്ലെന്നും കെ.പി.സി.സി ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. സൈബർ ഇടങ്ങളിൽ നേതാക്കൾക്കെതിരെയുള്ള വ്യക്തിഹത്യയും വ്യാജ ഐഡി വഴിയുള്ള ആക്രമണങ്ങളും ഗ്രൂപ്പ് പോരിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam