
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ജനുവരി 25 മുതൽ. കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്ര നാളെ കരുവഞ്ചാലില്‍(ഇരിക്കൂര്‍) നിന്നും ആരംഭിക്കുന്നത്. യാത്ര ഫെബ്രുവരി അഞ്ചിന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.
സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി കാപ്പന്‍, ജി.ദേവരാജന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കാപ്പി പറിക്കാന്‍ പോയ സമയത്താണ് താത്കാലിക വനംവാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെയാണ് കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam