'വന്യജീവി ആക്രമണം കാരണം ഒരിക്കൽ വീട് ഉപേക്ഷിക്കേണ്ടി വന്നു'; കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകൻ്റെ മകന്‍

Published : Mar 05, 2024, 11:56 PM IST
'വന്യജീവി ആക്രമണം കാരണം ഒരിക്കൽ വീട് ഉപേക്ഷിക്കേണ്ടി വന്നു'; കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകൻ്റെ മകന്‍

Synopsis

നിരന്തരം വന്യജീവി ആക്രമണം ഉണ്ടായിട്ടും അധികൃതർ ഇടപെട്ടില്ല. നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും എബ്രഹാമിൻ്റെ മകൻ പറഞ്ഞു.

കോഴിക്കോട്: വന്യജീവി ആക്രമണം കാരണം ഒരിക്കൽ വീട് ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്ന് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍റെ മകൻ. കൃഷിയിൽ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്‍റെ ആശ്രയമെന്നും എബ്രഹാമിൻ്റെ മകൻ ജോബിഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിരന്തരം വന്യജീവി ആക്രമണം ഉണ്ടായിട്ടും അധികൃതർ ഇടപെട്ടില്ല. നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ജോബിഷ് പറഞ്ഞു.

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

അതിനിടെ, ആളെ കൊല്ലി കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം