കാട്ടാനയുടെ സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

Published : Jan 06, 2023, 12:22 PM ISTUpdated : Jan 06, 2023, 02:59 PM IST
കാട്ടാനയുടെ സാന്നിധ്യം; വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ

Synopsis

സുബൈറിനെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും നടപ്പാതയുടെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന മറ്റൊരു വശത്തേക്ക് ഓടിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 


വയനാട്: കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ.  ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്. 

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. ' റോഡരികിലൂടെ നടന്ന് വരുമ്പോഴാണ് ആന വന്നത്. തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈവരിക്കപ്പുറത്തേക്ക് വീണ് പോയത് കൊണ്ട് രക്ഷപ്പെട്ടെന്നെന്ന്  കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സുബൈർ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലിന് പരിക്കേറ്റ സുബൈർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

സുബൈറിനെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചെങ്കിലും നടപ്പാതയുടെ ഇരുമ്പ് ഗ്രില്ലിനകത്തേക്ക് വീണതിനാല്‍ കൂടുതല്‍ ആക്രമണത്തിന് മുതിരാതെ ആന മറ്റൊരു വശത്തേക്ക് ഓടിപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു. 

കട്ടയാട് വനത്തില്‍ നിന്നും വിനായക ആശുപത്രിക്ക് മുന്‍വശത്ത് കൂടിയുള്ള ഇടറോഡിലൂടെയാണ് ആന ടൗണിലെത്തിയതെന്നാണ് കരുതുന്നത്. കാട്ടാനയെ കണ്ട് നഗരത്തില്‍ ഉറങ്ങിക്കിടന്നിരുന്നവരും മറ്റും ബഹളം വച്ചതിനെ തുടര്‍ന്ന് ആന മുള്ളന്‍കുന്ന് ഭാഗത്തേക്ക് നീങ്ങി. ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന ആന പുലര്‍ച്ചെ  നഗരത്തിലേക്കെത്തിയത്. 

നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയിലൂടെ ഓടിയ ആന ബത്തേരി സ്വദേശി സുബൈറിന് നേരെ ചിന്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. സുബൈറിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് നിലത്തിട്ടു. വീണുപോയ ഇദ്ദേഹത്തെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സമായതാണ് രക്ഷയായത്. പരിക്കേറ്റ സുബൈറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കെ.എസ്ആര്‍ടിസി ബസിന് പിന്നാലെയും ആന ഓടി. ഒരു മണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ കാട്ടാന ഓടിനടന്നു. നഗരസഭാ ഓഫിസിന് മുന്നിലും ആനയെത്തി. കാട്ടാന ഇപ്പോള്‍ വനത്തോട് ചേര്‍ന്ന മുള്ളന്‍കുന്ന് ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ളതായാണ് വിവരം. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും വൈകീട്ട് കാട്ടിലേക്ക് പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി
എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നതെന്ന് അടൂർ പ്രകാശ്; 'കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെട്ടത്'