കരുളായി പനിച്ചോല ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു; ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ

Published : Jun 21, 2025, 05:19 PM ISTUpdated : Jun 21, 2025, 08:23 PM IST
wild elephant attack

Synopsis

വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കണമെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

മലപ്പുറം: ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലാണ് കാട്ടാനയെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെത്തി 30 ലധികം വാഴകൾ, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചത്. കരുളായി വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനയാണ് കാർഷിക വിളകൾ നശിപ്പിച്ചും ഭക്ഷിച്ചും കടന്നുപോയത്.

കഴിഞ്ഞ വർഷവും ഇതേസ്ഥലത്ത് കാട്ടാനയിറങ്ങി വൻതോതിൽ വിളകൾ നശിപ്പിച്ചിരുന്നു. വീണ്ടും കാട്ടാനയെത്തിയതോടെ ഭീതിയിലാണ് പ്രദേശ വാസികൾ. വനത്തിൽനിന്ന് ആനയിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ എത്രയും പെട്ടന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത മേപ്പാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമെത്തി ആശങ്ക സൃഷ്ടിച്ചു എന്നതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് ആനക്കൂട്ടത്തെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാക്കാതെ തന്നെ കാട്ടിലേക്ക് കയറ്റിവിടാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് എല്ലാ ആനകളെയും കാട് കയറ്റാനായത്. മേപ്പാടി ടൗണ്‍, മാപ്പിളത്തോട്ടം മേഖലകളെ ഒരു പകല്‍ മുഴുവനും ഭീതിയിലാഴ്ത്തിയതിന് ശേഷമാണ് ആന കാട് കയറിയത്. മേപ്പാടി ടൗണിന് അര കിലോമീറ്റര്‍ അകലെ വരെ ആനകളെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കുട്ടിയാന അടക്കം ഏഴ് ആനകളാണ് ജനവാസമേഖലകളിലെത്തിയത്. ആനകളെത്തിയത് നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞെങ്കിലും വനംവകുപ്പ് എത്തിയിട്ടും ആ ദിവസം കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം കടൂരിലെ ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം നീങ്ങി. പിന്നീട് മാപ്പിളത്തോട്ടം മേഖലയിലേക്കാണ് ആനക്കൂട്ടം നീങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിളത്തോട്ടത്തെത്തിയ ആനക്കൂട്ടം സ്‌കൂളും നിരവധി വീടുകളുമുള്ള ജനവാസ മേഖലയില്‍ നിലയുറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് സംഘം കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പതുക്കെ സഞ്ചരിച്ച ഇവ മാപ്പിളത്തോട്ടത്തുള്ള അമ്പത് ഏക്കറോളം വരുന്ന കാപ്പിത്തോട്ടത്തിലേക്ക് കയറി. ഈ സമയവും ആനക്കൂട്ടത്തെ തുരത്താന്‍ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലകളായതിനാല്‍ തുരത്തല്‍ ദൗത്യം ദുഷ്‌കരമായിരിക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പ്. പകല്‍ മുഴുവനായും ആനക്കൂട്ടം കാപ്പിത്തോട്ടത്തിന് പുറത്തിറങ്ങാതിരിക്കാനായി വനംവകുപ്പ് വാച്ചര്‍മാര്‍ കാവല്‍ നിന്നു. വൈകുന്നേരം ആറുമണിയോടെ തുരത്തല്‍ ദൗത്യം തുടങ്ങി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പടക്കം പൊട്ടിച്ചും ഒരുമിച്ച് ബഹളമുണ്ടാക്കിയും ആനകളെ കാടിനോട് അടുപ്പിച്ച് കൊണ്ടിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മേപ്പാടി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെ മാപ്പിളത്തോട്ടത്തില്‍ നിന്നും കാട്ടാനക്കൂട്ടം എത്താന്‍ സാധ്യതയുണ്ടായിരുന്ന മേപ്പാടി-ചൂരല്‍മല റോഡിലെ ഗതാഗതം പൊലീസ് നിയന്ത്രിച്ചു.

നിശ്ചയിച്ചത് പോലെ തന്നെ രാത്രി ഏഴരയോടെ ആനക്കൂട്ടം മേപ്പാടി-ചൂരല്‍മല റോഡ് മുറിച്ചു കടന്ന് ഒന്നാംമൈല്‍ കോനാര്‍ക്കാട് വഴി നെല്ലിമുണ്ടയിലേക്ക് എത്തി. പിന്നാലെയെത്തിയ വനംവകുപ്പ് സംഘം ആനക്കൂട്ടത്തെ കടൂര്‍ അമ്പലക്കുന്ന് വഴി എളമ്പിലേരി വനമേഖലയിലേക്കു കയറ്റിവിട്ടു. മണിക്കൂറുകള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് പരിഹാരമായെങ്കിലും ആനകള്‍ തിരികെയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മെയ്മാസത്തിലും മേപ്പാടി ടൗണിനോട് ചേര്‍ന്ന മേഖലകളില്‍ ആനക്കൂട്ടം എത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ