മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു; അവാർഡ് പുനഃപരിശോധിക്കും: നേമം പുഷ്പരാജ്

By Web TeamFirst Published Jun 12, 2019, 12:04 PM IST
Highlights

കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ്  അക്കാദമിയുടേയും വിലയിരുത്തലെന്ന് നേമം പുഷ്പരാജ്

ത‍ൃശൂർ: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ മേലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും അവാർഡ് പുനഃപരിശോധിക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞു.

അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സർക്കാർ ഈ തീരുമാനത്തിൽ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി എ കെ ബാലൻ അഭിപ്രായപ്പെട്ടിരുന്നു. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്. 

"മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണ് കാർട്ടൂൺ. ഇത് അംഗീകരിക്കാൻ കഴിയില്ല. അവാർഡ് നിർണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും" മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. 

പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പൊലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ.  

പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. 

click me!