ശബരിമല കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി, ഹൈക്കോടതിയിലെ റിട്ട് ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റില്ല

By Web TeamFirst Published Mar 25, 2019, 11:09 AM IST
Highlights

സംസ്ഥാനസർക്കാർ രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ നൽകിയത്. ഹൈക്കോടതിയിലെ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റുക, നിരീക്ഷണ സമിതിയെ നിയോഗിച്ചത് പുനഃപരിശോധിക്കുക ... 

ദില്ലി: ശബരിമല കേസിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങളുന്നയിച്ച് നൽകിയ രണ്ട് ഹർജികളും സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹാജരായത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും ആ സാഹചര്യത്തിൽ ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം.

എന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തിൽ ഇടപെടാനില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസർക്കാരിന് വേണമെങ്കിൽ ഈ വാദം ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ വാദം ഇന്ന് സുപ്രീംകോടതിയിൽ നടന്നിട്ടില്ല. 

click me!