
ദില്ലി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കൽ സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അതു അവിടെയുള്ള പ്രാദേശിക കാര്യമാണ് എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. എന്തുകൊണ്ട് ബിനീഷിന്‍റെ അംഗത്വം പുതുക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി അംഗത്വം പുതുക്കണമെന്ന ബിനീഷിന്‍റെ അപേക്ഷ നാല് തവണയാണ് സിപിഎം നിരസിച്ചത്. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് പാർട്ടി അംഗത്വം മരവിപ്പിച്ചത്. 2023 ൽ ബിനീഷിനെ കോടതി പൂർണമായും കുറ്റവിമുക്തനാക്കി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ നേതൃത്വം തുടർച്ചയായി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.
ബിനീഷിന് എന്തുകൊണ്ടാണ് അംഗത്വം നൽകാത്തതെന്ന ചോദ്യം കഴിഞ്ഞ ദിവസം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാർട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് ഉയർന്ന ചോദ്യം. ആലോചിച്ച് തീരുമാനം എടുക്കാം എന്ന് മാത്രമാണ് എം വി ഗോവിന്ദൻ യോഗത്തിൽ മറുപടി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam