ശബരിമലയിൽ യുവതികളെത്തിയാൽ തടയും, സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും എം ടി രമേശ്

By Web TeamFirst Published Nov 14, 2019, 12:35 PM IST
Highlights

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്ത്  എന്ന് അറിയാൻ ആഗ്രഹമുണ്ട് പറഞ്ഞ എം ടി രമേശ്. നവോഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

കൊച്ചി: ശബരിമല റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചുവെന്ന് എം ടി രമേശ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പുനപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് നിര്‍ണ്ണായക തീരുമാനം സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്ന് എം ടി രമേശ് വ്യക്തമാക്കി. ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുതെന്നും അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ബിജെപി ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി. 

സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് പറഞ്ഞ എംടി രമേശ് ദേവസ്വം ബോർഡും നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും നിലവിലുള്ള സത്യവാങ്ങ്മൂലം ബോർഡ് പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെറ്റ് തിരുത്തിയില്ലെങ്കിൽ ബോർഡിനെ വിശ്വാസികൾ ബഹിഷ്കരിക്കുമെന്നും രമേശ് മുന്നറിയിപ്പ് നൽകി. 

സർക്കാർ പുനപരിശോധനാ വിധി വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകണമെന്ന് പറഞ്ഞ എം ടി രമേശ്, ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയുമെന്നും വ്യക്തമാക്കി. സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിച്ചാൽ മാത്രം മതിയെന്നും നിലവിലെ സർക്കാർ നിലപാട് എന്തെന്നറിയാൻ താൽപര്യമുണ്ടെന്നും ബിജെപി പറയുന്നു.

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്ത്  എന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ എം ടി രമേശ് നവോഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

click me!