
കോഴിക്കോട്: ഏകസിവിൽ കോഡിനെ ചൊല്ലി ചൂട് പിടിക്കുകയാണ് കേരള രാഷ്ട്രീയം. സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന പ്രതീക്ഷയിലാണ് നിലവിൽ കോൺഗ്രസ്. സിപിഎം ക്ഷണത്തെ പല ലീഗ് നേതാക്കളും തള്ളിയതിൽ ആശ്വസിക്കുമ്പോഴും ലീഗിലെ ചർച്ചകളിലും അടുത്ത നീക്കങ്ങളിലും കോൺഗ്രസ്സിന് ആശങ്കയും ബാക്കിയാണ്. ലീഗിന്റെ നീക്കങ്ങൾ വീക്ഷിക്കുകയാണ് കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷവോട്ട് ഉറപ്പിക്കാനുള്ള മികച്ച ആയുധമായി സിപിഎം ഏക സിവിൽ കോഡിനെ കണ്ടുകഴിഞ്ഞു. ലീഗിന് ചൂണ്ടയിട്ടുള്ള സെമിനാറുകൾക്ക് പിന്നിലെ രാഷ്ട്രീയലക്ഷ്യം കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. സെമിനാറിലേക്ക് ലീഗിനെ ക്ഷണിക്കുമെന്നും കോൺഗ്രസ്സിന് ഉറപ്പുണ്ടായിരുന്നു. ഈ നീക്കം മുന്നിൽ കണ്ടാണ് സിപിഎമ്മിന് സിവിൽ കോഡിൽ ഇരട്ടത്താപ്പാണെന്ന വാദം നേരത്തെ കോൺഗ്രസ് ഉന്നയിച്ചുതുടങ്ങിയത്. ലീഗും ഇത് തിരിച്ചറിയുന്നുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
സിപിഎം ക്ഷണത്തോടുള്ള ഇടിയുടെ പ്രതികരണത്തിൽ കോൺഗ്രസ്സിന് പ്രതീക്ഷയുണ്ട്. സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നായിരുന്നു ഇടിയുടെ വിമർശനം. ലീഗ് നേതാക്കളുടെ പ്രതികരണം കണക്കിലെടുത്ത് ലീഗ് സെമിനാറിൽ പോകില്ലെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. അതേ സമയം സിവിൽ കോഡ് പ്രശ്നത്തിൽ ലീഗിലും സമസ്തയിലും ഉയരുന്ന പലതരം ചർച്ചകളുടെ ഭാവിയിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്. ദേശീയ തലത്തിലെ അവ്യക്ത നിലപാട് വിട്ട് കേരളത്തിൽ കെപിസിസി ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചതും ലീഗിനെ മുന്നിൽ കണ്ടാണ്. ഏക സിവിൽ കോഡിനെതിരായ ജനസദസ്സ് മൂന്ന് മേഖലകളിൽ നടത്താൻ തീരുമാനിച്ചെങ്കിലും തിയ്യതിയായിട്ടില്ല. പ്രശ്നത്തിൽ അതിവേഗം തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ അഭിപ്രായം. സംസ്ഥാനത്തും വിട്ടുവീഴ്ചയുണ്ടെന്ന തോന്നൽ വന്നാൽ അത് എതിരാളികൾ മുതലാക്കുമെന്ന് പാർട്ടി കരുതുന്നു. ഷഹബാനു കേസിന്റെ സമയത്തെ ഇഎംഎസ് വാദമടക്കം ശക്തമായി ഉന്നയിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഏക സിവിൽ കോഡ്: സമൂഹമാധ്യമ വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുത്, ജാഗ്രത നിർദ്ദേശവുമായി നിയമകമ്മീഷൻ