യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; 'ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല', ഗുരുതര ആരോപണവുമായി കുടുംബം

Published : Nov 03, 2025, 01:56 PM ISTUpdated : Nov 03, 2025, 02:04 PM IST
varkala train attack relative

Synopsis

വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം.ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു

തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്. മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി പറഞ്ഞു. അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, റെയിൽവെ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.

 

നടുക്കുന്ന സംഭവം ഉണ്ടായത് ഇന്നലെ രാത്രി

 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്‍റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാൽ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തര്‍ക്കത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്.

പാലോടുള്ള വീട്ടിൽ ശനിയാഴ്ച ശ്രീക്കുട്ടിയെത്തിയിരുന്നു. ആലുവയിലെ പങ്കാളിയുടെ വീട്ടിൽ നിന്ന് ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും യാത്ര ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. തള്ളിയിട്ടത് ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന് ഇന്നലെ പറഞ്ഞ സുരേഷ് കുമാർ പക്ഷെ ഇന്ന് കുറ്റം സമ്മതിച്ചു. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. ബഹളം കേട്ട തോടെ കംപാര്‍ട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ച പ്രതിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീമിയം ട്രെയിനിന്‍റെ ജനറൽ കംപാര്‍ട്മെന്റിൽ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരള എക്സ്പ്രസ്സിന്‍റെ ഇന്നലത്തെ യാത്രയിൽ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പൊലീസ് വിശദീകരണം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം