
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ് അശോകന്‍റെ ഭാര്യ സരള (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. എതിർ വശത്തേക്ക് പോകുന്നതിനായി റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സരളയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് സരളയും ഭർത്താവ് അശോകനും. ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. സാധാരണ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇരുവരും ട്രെയിനിൽ വീട്ടിലേക്ക് മടങ്ങാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: അരുൺ അശോക് (സൗദി അറേബ്യ), അഖിൽ അശോക് (ടെക്നോപാർക്). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam