
കൊല്ലം: സ്വകാര്യ ബസിനടിയിൽപ്പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മാരത്തുമുക്ക് സ്വദേശി ഓമനയമ്മയാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ആളെയിറക്കിയ ശേഷം ബസ് മുന്നോട്ടെടുക്കവേയാണ് ഓമനയമ്മ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്. ഓമനയമ്മയെ കാണാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ ഇവരുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറി ഇറങ്ങി. ബസിനടിയിൽപ്പെട്ട ഓമനയമ്മയെ മറികടന്നാണ് വാഹനം മുന്നോട്ട് നീങ്ങിയത്. കാലിന് പരുക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കു. നാട്ടുകാർ ചേർന്നാണ് ഓമനയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി കിടക്കയിൽ വേദനകൾക്കിടയിലും ബസ് ജീവനക്കാരെ ശിക്ഷിക്കരുതെന്നാണ് ഓമനയമ്മ പറയുന്നത്. നഷ്ടപരിഹാരം തേടി കോടതി കയറാനൊന്നും താനില്ലെന്നും ചികിത്സയ്ക്കുള്ള സഹായമെങ്കിലും കിട്ടിയാൽ ഉപകാരമാകുമെന്നും അമ്മ പറയുന്നു. തന്‍റെ ശാരിരിക ബുദ്ധിമുട്ടുകളെക്കാൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന ഓമനയമ്മയുടെ മനസിനും സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam